കേരളം

kerala

By

Published : Jun 25, 2023, 7:37 PM IST

ETV Bharat / sports

WATCH | ആയിരങ്ങളുടെ ആര്‍പ്പുവിളി, ലൈറ്റ് ഷോ, കരിമരുന്ന് ; റൊസാരിയോയില്‍ മെസിക്ക് ഗംഭീര വരവേൽപ്പ്

പിറന്നാള്‍ ദിനത്തില്‍ തന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തില്‍ കളിക്കാനിറങ്ങിയ ലയണല്‍ മെസിക്ക് ഗംഭീര സ്വീകരണം നല്‍കി ജന്മനാട്

Lionel Messi Receives Grand Welcome At rosario  Lionel Messi  Lionel Messi birth day  Maxi Rodriguez  ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സ്  Newell s Old Boys  ലയണല്‍ മെസി  മാക്‌സി റോഡ്രിഗസ്  റൊസാരിയോയില്‍ മെസിക്ക് ഗംഭീര വരവേൽപ്പ്
റൊസാരിയോയില്‍ മെസിക്ക് ഗംഭീര വരവേൽപ്പ്

ബ്യൂണസ് അയേഴ്‌സ് : അര്‍ജന്‍റീനയിലേക്ക് വീണ്ടും ഫിഫ ലോകകപ്പ് എത്തിച്ചതോടെ രാജ്യത്തിന്‍റെ ആരാധ്യപുരുഷനാണ് ലയണല്‍ മെസി. 2022 അവസാനത്തില്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്‍റീന കിരീടം ചൂടിയത്. ഗോളടിച്ചും അടിപ്പിച്ചുമായിരുന്നു ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസി അര്‍ജന്‍റൈന്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചത്.

താരത്തിന്‍റെ 36-ാം പിറന്നാള്‍ ഏറെ അവിസ്മരണീയമായാണ് ജന്‍മനാടായ റൊസാരിയോ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ തന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തില്‍ അര്‍ജന്‍റീന കുപ്പായത്തില്‍ താരം ഹാട്രിക്കുമായി തിളങ്ങിയിരുന്നു. മത്സരത്തിനായി എത്തിയ മെസിയെ മാഴ്സെലോ ബിയെല്‍സ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 42,000-ല്‍ ഏറെ കാണികള്‍ ഹാപ്പി ബര്‍ത്ത് ഡേ പാടിക്കൊണ്ടാണ് വരവേറ്റത്.

വര്‍ണങ്ങള്‍ വാരി വിതറിക്കൊണ്ടുള്ള ലൈറ്റ് ഷോയും കരിമരുന്ന് പ്രയോഗവും ചടങ്ങിന്‍റെ മാറ്റ് കൂട്ടുകയും ചെയ്‌തു. അര്‍ജന്‍റൈന്‍ മുന്‍ താരം മാക്‌സി റോഡ്രിഗസിന്‍റെ വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു മാഴ്സെലോ ബിയെല്‍സ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മത്സരത്തില്‍ ഹാട്രിക് ഗോളുകള്‍ നേടി പിറന്നാള്‍ മധുരം ഇരട്ടിയാക്കാനും താരത്തിന് കഴിഞ്ഞിരുന്നു.

അര്‍ജന്‍റൈന്‍ ടീമിലെ സഹതാരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ട്ടിന്‍ ഡിമിഷെല്‍സ്, അടുത്ത സുഹൃത്തും സഹ താരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോ, അർജന്‍റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോണി തുടങ്ങിയവരും മെസിക്കൊപ്പം പന്തുതട്ടാന്‍ ഇറങ്ങിയിരുന്നു.

മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ മെസി ഗോളടിച്ച മെസി ആദ്യ പകുതി അവസാനിക്കും മുമ്പ് ഹാട്രിക്ക് തികയ്‌ക്കുകയും ചെയ്‌തു. ബോക്സിന് പുറത്തുനിന്നുള്ള ഫ്രീകിക്കിലാണ് താരം ആദ്യം ലക്ഷ്യം കണ്ടത്. എന്നാല്‍ മത്സരത്തില്‍ 7-5 എന്ന സ്‌കോറിന് ന്യൂവെൽസ് വിജയിച്ചിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം റൊസാരിയോയിൽ ജന്മദിനം ആഘോഷിക്കുന്നത് ഏറെ കാലത്തിന് ശേഷമാണെന്ന് മെസി പറഞ്ഞു.

അതേസമയം യുഎസ്‌എയിലെ മേജർ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മിയാമിയാണ് ഇനി ലോകകപ്പ് ജേതാവായ ലയണല്‍ മെസിയുടെ താവളം. ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിട്ടാണ് ലയണല്‍ മെസി ഇന്‍റര്‍ മിയാമിയിലേക്ക് എത്തുന്നത്. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് 2021-ല്‍ രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു ലയണല്‍ മെസി പിഎസ്‌ജിയില്‍ എത്തിയത്. ഖത്തര്‍ ലോകകപ്പ് മുതല്‍ മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ഫ്രഞ്ച് ക്ലബ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബാഴ്‌സയിലേക്ക് തിരികെ പോകാന്‍ ലക്ഷ്യമിട്ട മെസി അതിന് തയ്യാറായില്ല.

ALSO READ: മെസിക്കൊപ്പം വീണ്ടും പന്തു തട്ടാന്‍ സെർജിയോ ബുസ്‌ക്വെറ്റ്‌സ്; ബാഴ്‌സയുടെ മുന്‍ താരം ഇന്‍റർ മിയാമിയിൽ

നേരത്തെ ബാഴ്‌സലോണ സീനിയര്‍ ടീമുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചായിരുന്നു മെസി പാരീസില്‍ എത്തിയത്. ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമത്തെ തുടര്‍ന്നാണ് ബാഴ്‌സയ്‌ക്ക് മെസിയെ കയ്യൊഴിയേണ്ടിവന്നത്. ഇപ്പോഴും ഈ പ്രശ്‌നം നിലനില്‍ക്കുന്നതിനാലാണ് സ്‌പെയിനിലേക്കുള്ള മെസിയുടെ തിരിച്ചുപോക്ക് നടക്കാതെയായത്.

ABOUT THE AUTHOR

...view details