ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ (Argentina Football Team) 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടായിരുന്നു ലയണല്‍ മെസിയും (Lionel Messi) സംഘവും 2022-ല്‍ ഖത്തറില്‍ നിന്നും തിരികെ പറന്നത്. ഗോള്‍ അടിച്ചും അടിപ്പിച്ചും മുന്നില്‍ നിന്ന് തന്നെയായിരുന്നു ലയണല്‍ മെസി അര്‍ജന്‍റീനയെ കിരീടത്തിലേക്ക് എത്തിച്ചത്. വിജയത്തിന് ശേഷം ഇതു തന്‍റെ അവസാന ലോകകപ്പ് ആവുമെന്ന് 36-വയസുകാരനായ മെസി സൂചന നല്‍കിയത് ആരാധകരെ കടുത്ത നിരാശയിലാഴ്‌ത്തിയിരുന്നു.
എന്നാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്ത് വരിന്നിരിക്കുന്നത്. 2026-ല്‍ നടക്കുന്ന അടുത്ത ഫിഫ ലോകകപ്പിലും കളിക്കാനുള്ള തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം. പ്രായം തളര്‍ത്തിയില്ലെങ്കില്‍ അടുത്ത ലോകകപ്പിന് ഉണ്ടായേക്കുമെന്ന് സൂചന നല്‍കിയ മെസി, ഇപ്പോള്‍ കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുക എന്നതിനാണ് മുന്‍ഗണനയെന്നുമാണ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് (Lionel Messi on FIFA World Cup 2026 participation).
"ലോകകപ്പിനെക്കുറിച്ച് ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല, പക്ഷെ, അടുത്ത ലോകകപ്പ് കളിക്കില്ലെന്ന് 100 ശതമാനവും ഞാന്‍ പറയുന്നില്ല. കാരണം എന്തും സംഭവിക്കാം. ടീമിനായി മികച്ച രീതിയില്‍ കളിക്കാനാവുന്നിടത്തോളം ഞാനതു തുടരും. ഇന്നിപ്പോള്‍ എന്‍റെ ചിന്ത പൂര്‍ണമായും കോപ്പ അമേരിക്ക നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ്. അതിന് ശേഷം ഞാന്‍ ടീമിനായി കളിക്കുമോ ഇല്ലയോ എന്നത് കാലം പറയും. 2026-ലാണ് അടുത്ത ലോകകപ്പ് നടക്കുന്നത്.
സാധാരണയായി ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണമെന്‍റില്‍ കളിക്കാനാവാത്ത ഒരു പ്രായത്തിലേക്കാണ് ഞാന്‍ അപ്പോള്‍ എത്താന്‍ പോകുന്നത്. ആ ലോകകപ്പ് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നായിരുന്നു ഞാന്‍ നേരത്തെ പറഞ്ഞത്. 2022-ലെ ലോകകപ്പിന് ശേഷം ഞാൻ വിരമിക്കുമെന്ന് തോന്നിയിരുന്നു.