മയാമി: ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ കുതിപ്പ് തുടര്‍ന്ന് ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഷാർലറ്റ് എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്‍റര്‍ മയാമി തോല്‍പ്പിച്ചത്. മിന്നും ഫോം തുടരുന്ന 36-കാരനായ മെസി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഇന്‍റര്‍ മയാമിക്കായി ഗോളടിച്ചു. മേജര്‍ ലീഗ് സോക്കര്‍ ക്ലബിനായി അര്‍ജന്‍റൈന്‍ താരം നേടുന്ന എട്ടാമത്തെ ഗോളാണിത്.
ഷാർലറ്റ് എഫ്‌സിയ്‌ക്ക് എതിരെ ലയണല്‍ മെസി പിങ്ക് ജഴ്‌സിയില്‍ പന്ത് തട്ടുന്നത് കാണാന്‍ അര്‍ജന്‍റൈന്‍ കോച്ച് ലയണല്‍ സ്‌കലോണിയും എത്തിയിരുന്നു. സ്വന്തം തട്ടകമായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷാർലറ്റ് എഫ്‌സി വമ്പന്‍ ആധിപത്യം പുലര്‍ത്തിയാണ് ഇന്‍റര്‍ മയാമി ജയിച്ച് കയറിയത്. മെസിയെക്കൂടാതെ ജോസഫ് മാര്‍ട്ടിനെസ്, റോബര്‍ട്ട് ടെയ്‌ലര്‍ എന്നിവര്‍ ആതിഥേയര്‍ക്കായി ഗോളടിച്ചു. ഷാര്‍ലറ്റ് താരം അഡില്‍സണ്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോളും ടീമിന്‍റെ പട്ടികയില്‍ കയറി.
കളിയുടെ 12-ാം മിനിട്ടില്‍ തന്നെ ജോസഫ് മാര്‍ട്ടിനെസ് ഇന്‍റര്‍ മയാമിയെ മുന്നിലെത്തിച്ചിരുന്നു. പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. തുടര്‍ന്ന് 32-ാം മിനിട്ടില്‍ മയാമി ലീഡ് ഉയര്‍ത്തി. ഡി ആന്‍ന്ദ്രേ യെഡിന്‍റെ ഒരു ലോ ക്രോസില്‍ റോബര്‍ട്ട് ടെയ്‌ലറായിരുന്നു ഗോളടിച്ചത്.
ആദ്യ പകുതിയില്‍ മെസിയെയും സെർജിയോ ബുസ്‌ക്വെറ്റ്‌സിനെയും ഏറെക്കുറെ പിടിച്ച് കെട്ടാന്‍ കഴിഞ്ഞത് ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ സന്ദര്‍ശകരെ രക്ഷപ്പെടുത്തി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍വോടെയാണ് ഷാർലറ്റ് കളിച്ചത്. തുടക്കം തന്നെ പാട്രിക് ഏഗ്യെമാംഗിന്‍റെ ഒരു ക്ലോസ് റേഞ്ചര്‍ ഹെഡ്ഡര്‍ ബാറിന് മുകളിലൂടെ ഒഴിവായത് ഇന്‍റര്‍ മയാമിയ്‌ക്ക് ആശ്വാസമായി.