ബെന്‍റൺ അവന്യൂ: അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ (Lionel Messi) വരവ് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമിക്ക് (Inter Miami) വമ്പന്‍ ഊര്‍ജ്ജമാണ് നല്‍കിയത്. അമേരിക്കന്‍-മെക്‌സിക്കന്‍ ക്ലബുകള്‍ പോരടിക്കുന്ന ലീഗ്‌സ് കപ്പിലൂടെ (Leagues Cup) മയാമിക്കായി അരങ്ങേറ്റം നടത്തുമ്പോള്‍ ക്യാപ്റ്റന്‍ ആംബാന്‍ഡ് അണിഞ്ഞായിരുന്നു ലയണല്‍ മെസി (Lionel Messi Inter Miami captain) കളത്തിലെത്തിയത്. ലോകകപ്പ് ജേതാവിനായി അമേരിക്കന്‍ ഇന്‍റര്‍ നാഷണല്‍ ഡിആന്ദ്രെ യെഡ്‌ലിനായിരുന്നു തന്‍റെ നായക സ്ഥാനം വിട്ടുനല്‍കിയത്.
മെസിയെത്തും മുമ്പ് 30-കാരനായ ഡിആന്ദ്രെ യെഡ്‌ലിൻ (DeAndre Yedlin) 20-ലധികം മത്സരങ്ങളിലാണ് ഇന്‍റര്‍ മയാമിയെ നയിച്ചിരുന്നത്. സത്യത്തില്‍ മേജര്‍ ലീഗ് സോക്കറില്‍ പോലും ഒന്നും അല്ലാതിരുന്ന ടീമായിരുന്നു മയാമി. ലീഗില്‍ അവസാനം കളിച്ച 11 മത്സരങ്ങളിലും വിജയം നേടാന്‍ മയാമിക്ക് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ മെസിയുടെ നേതൃത്വത്തില്‍ കളിച്ച ഇന്‍റര്‍ മയാമി ലീഗ്‌സ് കപ്പ് കിരീട നേട്ടത്തോടെയാണ് ടൂർണമെന്‍റ് അവസാനിപ്പിച്ചത്. ടീമിന്‍റെ ചരിത്രത്തിലെ ആദ്യ ലീഗ്‌സ് കപ്പ് വിജയമാണിത്. സമ്മാനദാന ചടങ്ങില്‍ പഴയ ക്യാപ്റ്റന്‍ ഡിആന്ദ്രെ യെഡ്‌ലിനെ മറക്കാതെ കൂടെ കൂട്ടിയ മെസിയുടെ പ്രവര്‍ത്തിക്ക് കയ്യടിക്കുകയാണ് ആരാധകര്‍ (Lionel Messi give captains armband to DeAndre Yedlin).
ക്യാപ്റ്റന്‍റെ ആംബാന്‍ഡ് പഴയ നായകന് തിരികെ നല്‍കുകയും താരത്തോട് ട്രോഫി ഉയര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.