ഫ്ലോറിഡ : ഇന്‍റർ മയാമിക്കായി തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി സൂപ്പർ താരം ലയണൽ മെസി. അറ്റ്‌ലാന്‍റ യുണൈറ്റഡിനെതിരായ മത്സരത്തിൽ ഇരട്ട ഗോളും ഒരു അസിസ്റ്റുമായാണ് മെസി തിളങ്ങിയത്. മത്സരത്തിൽ ഇന്‍റർ മയാമി 4-0ന് അറ്റ്‌ലാന്‍റയെ തകർത്തു. മെസിയെക്കൂടാതെ റോബർട്ട് ടെയ്‌ലറാണ് ടീമിന്‍റെ മറ്റ് രണ്ട് ഗോളുകൾ നേടിയത്. ജയത്തോടെ ഇന്‍റർ മയാമി നോക്കൗട്ട് റൗണ്ടിലെത്തി.
മത്സരത്തിന്‍റെ എട്ടാം മിനിട്ടിൽ തന്നെ മെസി ഇന്‍റർ മയാമിക്കായി ആദ്യ ഗോൾ കണ്ടെത്തി. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ഒറ്റയ്‌ക്ക് പന്തുമായി മുന്നേറിയ മെസി ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തെങ്കിലും പോസ്റ്റില്‍ തട്ടി പന്ത് റീബൗണ്ട് വന്നു. എന്നാൽ ഒരു നിമിഷം പോലും പാഴാക്കാതെ റീ ബൗണ്ട് പിടിച്ചെടുത്ത മെസി അനായാസം പന്ത് വലയ്‌ക്കുള്ളിലേക്ക് എത്തിക്കുകയായിരുന്നു.
22-ാം മിനിട്ടിലാണ് മെസിയുടെ രണ്ടാം ഗോൾ പിറന്നത്. പിന്നാലെ 44-ാം മിനിട്ടിൽ റോബർട്ട് ടെയ്‌ലറും ഗോൾ നേടി. ഇതോടെ ആദ്യ പകുതിയിൽ തന്നെ ഇന്‍റർ മിയാമി മൂന്ന് ഗോൾ ലീഡ് നേടി. രണ്ടാം പകുതിയിൽ 53-ാം മിനിട്ടിൽ റോബർട്ട് ടെയ്‌ലർ രണ്ടാം ഗോളും നേടി. മെസിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ടെയ്‌ലറിന്‍റെ ഗോൾ. ഇതിനിടെ 84-ാം മിനിട്ടിൽ മയാമി താരം ക്രിസ്റ്റഫർ മക്‌വേ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
മയാമിയിൽ തിളങ്ങി മെസി : ഇന്‍റർ മയാമിയിൽ രണ്ട് കളികളിൽ നിന്ന് മൂന്ന് ഗോളുകളായി മെസിക്ക്. ക്രൂസ് അസൂലിനെതിരായ ആദ്യ മത്സരത്തിൽ 94-ാം മിനിട്ടിലാണ് മെസി ഫ്രീ കിക്കിലൂടെ അത്ഭുത ഗോൾ നേടിയത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 94-ാം മിനിട്ടിൽ ബോക്‌സിന് പുറത്തുവച്ച് അസൂൽ മിഡ്‌ഫീൽഡർ ജീസസ് ഡ്യൂനസ് മെസിയെ ഫൗൾ ചെയ്‌തത്.
തുടർന്ന് റഫറി ഇന്‍റർ മയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് വിധിക്കുകയായിരുന്നു. ഫ്രീ കിക്ക് എടുത്ത മെസിയുടെ ഇടങ്കാലന്‍ ഷോട്ട് ക്രുസ് അസൂല്‍ ഗോള്‍ കീപ്പര്‍ ആന്ദ്രേസ് ഗുഡിനോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക് പറന്നിറങ്ങുകയായിരുന്നു. മെസിയുടെ വിജയ ഗോളിൽ ഡേവിഡ് ബെക്കാം കണ്ണീരണിയുന്ന ദൃശ്യങ്ങളും ഏറെ വൈറലായിരുന്നു.
ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിട്ടാണ് ലയണല്‍ മെസി ഇന്‍റര്‍ മയാമിയിലെത്തുന്നത്. പ്രതിവർഷം ഏകദേശം 50 മില്യൺ ഡോളര്‍ (ഏകദേശം 410 കോടിയോളം ഇന്ത്യന്‍ രൂപ) മുതൽ 60 മില്യൺ ഡോളർ (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള തുകയ്‌ക്ക് രണ്ടര വർഷത്തേക്കാണ് ഇന്‍റര്‍ മയാമിയുമായി ലയണല്‍ മെസിയുടെ കരാർ.
മേജര്‍ ലീഗ് സോക്കര്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്‌ഫറുകളിലൊന്നാണിത്. 2021-ല്‍ രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. കരാര്‍ അവസാനിച്ചതിന് ശേഷം ഫ്രീ ഏജന്‍റായാണ് സൂപ്പര്‍ താരം ഇന്‍റര്‍ മിയാമിയിലേക്ക് എത്തിയത്.