ബെയ്‌ജിങ്ങ് : അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിക്കൊപ്പം ഡിന്നറും സെൽഫിയുമെല്ലാം ഓരോ ഫുട്‌ബോൾ ആരാധകന്‍റേയും സ്വപ്‌നമാണ്. എന്നാൽ സൗഹൃദ മത്സരത്തിനായി ചൈനയിലെത്തിയ ഇതിഹാസ താരത്തിന്‍റെ സാന്നിധ്യം മുതലെടുത്തുകൊണ്ട് വമ്പൻ തട്ടിപ്പുകൾക്ക് കളമൊരുങ്ങുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്. താരത്തിനൊപ്പം ഡ്രിങ്ക്‌സ് പങ്കിടാം, മെസിയുടെ ജഴ്‌സിയും കൂടെയുള്ള ഫോട്ടോയും, നിങ്ങളുടെ കമ്പനിയെ കുറിച്ച് ലയണല്‍ മെസി സംസാരിക്കും തുടങ്ങിയ ഓഫറുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് ബെയ്‌ജിങ്ങിൽ തട്ടിപ്പുകാർ പരസ്യങ്ങൾ ഇറക്കിയിരിക്കുന്നത്.
ലോകകപ്പ് ജേതാവായ മെസിക്കൊപ്പം ഡ്രിങ്ക്‌സ് പങ്കിടാൻ 330,000 യുവാൻ (34.50 ലക്ഷം രൂപ) ആണ് പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന തുക. ഈ പരസ്യത്തിനെതിരെ ബെയ്‌ജിങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ തമാശ രൂപേണ പ്രതികരിച്ചിരുന്നു. നിങ്ങൾക്ക് ഇത്ര വലിയ തട്ടിപ്പ് നടത്താൻ കഴിയുമെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് ഒരു ഗ്ലാസ് ഉയർത്തുമെന്നായിരുന്നു അധികൃതരുടെ പ്രതികരണം.
ലയണല്‍ മെസിയെ കാണാന്‍ മുൻനിരയിൽ വിഐപി സീറ്റും താരം ഒപ്പുവച്ച ജഴ്‌സിയും ലഭിക്കാന്‍ 8,000 യുവാനാണ് (90,000 രൂപ) ആണ് ഓണ്‍ലൈന്‍ തട്ടിപ്പുകാർ ആവശ്യപ്പെടുന്ന തുക. അതേസമയം ഓസ്ട്രേലിയക്കെതിരായ അർജന്‍റീനയുടെ മത്സരം കാണാനുള്ള സ്റ്റേഡിയം പാസിനായി 5,000 യുവാന്‍ (58,000 രൂപ) ആണെന്ന പരസ്യവും ഇറങ്ങിയിട്ടുണ്ട്. ഏറ്റവും രസകരമായ പരസ്യം ഇങ്ങനെയാണ്, 50 മില്യണ്‍ യുവാന്‍ ( 57 കോടി രൂപ) മുടക്കിയാൽ ലയണല്‍ മെസിയെ നേരിട്ട് കാണാനും ലൈവ് സ്‌ട്രീമിങ് വഴി നിങ്ങളുടെ ബിസിനസിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.