വാഴ്സോ (പോളണ്ട്):ലോകകപ്പ് യോഗ്യത മത്സരത്തില്‍ റഷ്യക്കെതിരെ കളിക്കില്ലെന്ന് പോളണ്ട് ഫുട്ബോൾ അസോസിയേഷൻ. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പോളണ്ട് ഫുട്ബോൾ അസോസിയേഷന്‍ പ്രസിഡന്‍റ് സെസാരി കുലെസ്സ പറഞ്ഞു.
സമാനമായ തീരുമാനമെടുക്കുന്നതിന് സ്വീഡിഷ്, ചെക്ക് അസോസിയേഷനുകളുമായും ചർച്ച നടത്തിവരികയാണെന്ന് കുലെസ്സ അറിയിച്ചു. അസോസിയേഷന്‍റെ തീരുമാനത്തെ പിന്തുണച്ച് പോളണ്ട് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി രംഗത്തെത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ റഷ്യയ്‌ക്കെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ലെന്നാണ് താരം ട്വീറ്റ് ചെയ്‌തു.
''ഇത് ശരിയായ തീരുമാനമാണ്! യുക്രൈനിൽ സായുധ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യൻ ദേശീയ ടീമുമായി ഒരു മത്സരം കളിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. റഷ്യൻ ഫുട്ബോൾ കളിക്കാരോ ആരാധകരോ ഇതിന് ഉത്തരവാദികളല്ല, പക്ഷേ ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാനാവില്ല'' ലെവന്‍ഡോവ്‌സ്‌കി ട്വീറ്റ് ചെയ്‌തു.
അതേസമയം യുക്രൈന് നേരെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ, ചാമ്പ്യൻസ് ലീഗ് ഫൈനല്‍ വേദി റഷ്യയില്‍ നിന്നും മാറ്റിയിരുന്നു. ഫൈനൽ മത്സരം ഫ്രാൻസിൽ നടത്താനാണ് യുവേഫയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായത്.