കാറ്റലേണിയ : കറ്റാലൻ ഡർബിയിൽ ബാഴ്‌സലോണ-എസ്‌പ്യാനോൾ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയാണ് കളി അവസാനിപ്പിച്ചത്. ഗോളുകളും ചുവപ്പ് കാർഡുകളും കൊണ്ട് സംഭവബഹുലമായിരുന്നു മത്സരം.
2-ാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ മുന്നിലെത്തി. ജോർഡി ആൽബയുടെ ക്രോസിൽ നിന്ന് പെഡ്രിയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. പന്ത് കൈവശം വയ്ക്കുന്നതിൽ ബാഴ്‌സലോണ മുന്നിട്ട് നിന്ന മത്സരത്തില്‍ എസ്‌പ്യാനോൾ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല. 40-ാം മിനിറ്റിൽ റൗൾ ദി തോമസിന്‍റെ പാസിൽ നിന്നു ബോക്‌സിന് പുറത്ത് നിന്ന് നേടിയ ഗോളിലൂടെ സെർജി ദാർദർ എസ്‌പ്യാന്യോളിന് സമനില സമ്മാനിച്ചു.
56-ാം മിനിറ്റിൽ യുവതാരം ഗാവി ബാഴ്‌സയ്ക്കായി ലീഡെടുത്തെങ്കിലും വീഡിയോ ദൃശ്യങ്ങളിൽ ഫ്രാങ്കി ഡിജോങ്ങ് ഓഫ് സൈഡായതിനാൽ വാർ ഗോൾ അനുവദിച്ചില്ല. ഇതിനു ശേഷം ബാഴ്‌സ ഡിജോങ്ങിന് പകരം ഒബാമെയാങ്ങിനെ കളത്തിലിറക്കി. തുടർന്ന് 64-ാം മിനിറ്റിൽ സെർജി ദാർദറിന്‍റെ പാസിൽ നിന്ന് ഗോൾ നേടിയ റൗൾ ദി തോമസ് എസ്‌പ്യാന്യോളിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു.