വലന്‍സിയ: സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ പോയിന്‍റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാഴ്‌സലോണ. ഗോളുകളുടെ വ്യത്യാസത്തിലാണ് ബാഴ്‌സ പോയിന്‍റ് പട്ടികയിലെ റയലിന്‍റെ ഒന്നാം സ്ഥാനം തട്ടിയെടുത്തത്. ഇരു ടീമുകള്‍ക്കും 31 പോയിന്‍റാണ് ഉള്ളത്.
ലീഗിലെ 12ാം മത്സരത്തില്‍ വലന്‍സിയയെ തകര്‍ത്താണ് ബാഴ്‌സ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാറ്റാലന്‍ ക്ലബ്ബിന്‍റെ വിജയം. സന്ദര്‍ശകര്‍ക്കായി മത്സരത്തിന്‍റെ അവസാന ഇഞ്ചുറി ടൈമില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയാണ് ഗോള്‍ നേടിയത്.
ലീഗിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രണ്ട് ജയത്തിന്‍റെയും രണ്ട് തോൽവിയുടെയും ഒരു സമനിലയുടെയും പിൻബലത്തിലാണ് ബാഴ്‌സ വലന്‍സിയക്കെതിരായ മത്സരത്തിനിറങ്ങിയത്. ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി വഴങ്ങി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്പാനിഷ് ലീഗ് ടോപ്പര്‍മാരായ റയല്‍ മാഡ്രിഡിന് മേല്‍ സമ്മര്‍ദം ചെലുത്തന്‍ ബാഴ്‌സക്ക് മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. അതിനാല്‍ തന്നെ കരുത്തുറ്റ ഇലവനെയാണ് സാവി ഹെര്‍ണാണ്ടസ് ഗ്രൗണ്ടിലിറക്കിയത്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ബാഴ്‌സക്കായി. ഒന്നാം പകുതിയില്‍ ഏഴ് ഷോട്ടുകളാണ് ബാഴ്‌സലോണ എതിര്‍ ഗോള്‍ മുഖത്തേക്ക് പായിച്ചത്. മറുവശത്ത് ആതിഥേയരായ വലന്‍സിയയും രണ്ട് അവസരങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.
സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്‍റെ 51ാം മിനിട്ടില്‍ സാമുവല്‍ ലിനോ വലന്‍സിയക്കായി ആദ്യം വല ചലിപ്പിച്ചെങ്കിലും വാര്‍ (VAR) പരിശോധനയെ തുടര്‍ന്ന് ഗോള്‍ നിഷേധിക്കപ്പെടുകയാണുണ്ടായത്. മത്സരം ആവേശത്തിലേക്ക് നീങ്ങിയതോടെ രണ്ടാം പകുതിയില്‍ 7 പ്രാവശ്യമാണ് റഫറിക്ക് മഞ്ഞകാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. പകരക്കാനായെത്തിയ റഫീഞ്ഞ നല്‍കിയ ക്രോസാണ് മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ലെവന്‍ഡോസ്‌കി ഗോളാക്കിമാറ്റിയത്.