കേരളം

kerala

ETV Bharat / sports

ലാ ലിഗയിലും വിവാദ റഫറിയുടെ കാര്‍ഡ് വിതരണം; എസ്‌പാന്യോളിനെതിരെ ബാഴ്‌സയ്ക്ക് സമനിലക്കുരുക്ക് - മത്തേയു ലാഹോസ്

സ്‌പാനിഷ്‌ ലാ ലിഗയില്‍ എസ്‌പാന്യോളിനെതിരെ ബാഴ്‌സലോണ സമനിലയില്‍ കുരുങ്ങി. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

Mateu Lahoz  la liga  barcelona vs espanyol highlights  barcelona  espanyol  barcelona vs espanyol  ബാഴ്‌സലോണ  എസ്‌പാന്യോള്‍  ബാഴ്‌സലോണ vs എസ്‌പാന്യോള്‍  മത്തേയു ലാഹോസ്
എസ്‌പാന്യോളിനെതിരെ ബാഴ്‌സയ്ക്ക് സമനിലക്കുരുക്ക്

By

Published : Jan 1, 2023, 10:00 AM IST

ബാഴ്‌സലോണ: ഖത്തര്‍ ലോകകപ്പിലെ വിവാദ റഫറി മത്തേയു ലാഹോസ് നിയന്ത്രിച്ച സ്‌പാനിഷ്‌ ലാ ലിഗ മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്ക് സമനിലക്കുരുക്ക്. സ്വന്തം തട്ടകമായ നൗക്യാമ്പില്‍ എസ്‌പാന്യോളിനെതിരെയാണ് ബാഴ്‌സ സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി.

മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ തന്നെ മാര്‍ക്കോ അലൊന്‍സോയിലൂടെ ബാഴ്‌സ മുന്നിലെത്തിയിരുന്നു. ഒരു കോര്‍ണറില്‍ നിന്ന് ക്രിസ്റ്റിയന്‍സന്‍ തലകൊണ്ട് മറിച്ച് നല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന അലൊന്‍സോ ഹെഡറിലൂടെ വലയില്‍ കയറ്റുകയായിരുന്നു. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ ബാഴ്‌സയ്‌ക്ക് കഴിഞ്ഞു.

എന്നാല്‍ 73-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജൊസേലു എസ്‌പാന്യോളിനെ ഒപ്പമെത്തിച്ചു. ബോക്‌സില്‍ വച്ച്‌ ജൊസേലുവിനെ മാര്‍ക്കോസ് അലൊന്‍സോ ചവിട്ടിയതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. തിരിച്ചടിക്കാനായി ബാഴ്‌സ കിണഞ്ഞ് ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ സന്ദര്‍ശകര്‍ തയ്യാറായിരുന്നില്ല.

മത്സരത്തിന്‍റെ 78 ശതമാനവും പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്തിയ ബാഴ്‌സ ഓണ്‍ ടാര്‍ഗറ്റിലേക്ക് ആറ് ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒരു ശ്രമം മാത്രമാണ് എസ്‌പാന്യോളിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. സമനില വഴങ്ങിയെങ്കിലും റയലിനെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്താന്‍ ബാഴ്‌സയ്‌ക്ക് കഴിഞ്ഞു. ഇരു ടീമുകള്‍ക്കും 15 കളികളില്‍ നിന്ന് 38 പോയിന്‍റ് വീതമാണുള്ളത്.

കാര്‍ഡിന്‍റെ പെരുമഴ: ഖത്തര്‍ ലോകകപ്പില്‍ മത്തേയു ലാഹോസ് നിയന്ത്രിച്ച അര്‍ജന്‍റീന-നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ 17 മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്ത് വിവാദമായിരുന്നു. ബാഴ്‌സ-എസ്‌പാന്യോള്‍ മത്സരത്തില്‍ 14 തവണയാണ് റഫറി കാര്‍ഡ് പുറത്തെടുത്തത്. ഇരു ടീമുകളുടെ ഓരോ താരങ്ങളും ചുവപ്പു കാര്‍ഡ് കാണുകയും ചെയ്‌തു.

മത്സരത്തിന്‍റെ 78-ാം മിനിട്ടിലാണ് ലാഹോസ് ആദ്യ ചുവപ്പ് പുറത്തെടുത്തത്. റഫറിയോട് കയര്‍ത്ത ബാഴ്‌സ താരം ജോര്‍ഡി ആല്‍ബയ്‌ക്ക് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും നല്‍കുകയായിരുന്നു. തുടര്‍ന്ന് 80-ാം മിനിട്ടില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ തലയില്‍ ചവിട്ടിയ എസ്പാന്യോള്‍ താരം വിനീഷ്യസ് സോസയ്ക്ക് നേരെയും റഫറി ചുവപ്പുകാര്‍ഡുയര്‍ത്തി.

83-ാം മിനിട്ടില്‍ എസ്‌പാന്യോള്‍ താരം കബ്രെറയ്ക്ക് നേരെയും റഫറി ചുവപ്പുകാര്‍ഡ് കാണിച്ചെങ്കിലും പിന്നീട് വാര്‍ പരിശോധിച്ച ശേഷം ഇത് പിന്‍വലിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details