മാഡ്രിഡ്:എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ. സാന്‍റിയാഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഇരട്ടഗോളുകളോടെ ഒബാമയാങും ഓരോ ഗോൾ വീതം നേടിയ റൊണാൾഡ് അറാഹോയും ഫെറാൻ ടോറസുമാണ് ബാഴ്‌സയുടെ വമ്പൻ ജയത്തിന് ചുക്കാൻ പിടിച്ചത്. ഈ ജയത്തോടെ ബാഴ്‌സലോണ പോയിന്‍റ് നിലയിൽ മൂന്നാമതെത്തി.
റയൽ മാഡ്രിഡിന്‍റെ മൈതാനത്ത് ബാഴ്‌സയുടെ പൂർണ ആധിപത്യത്തിനാണ് മത്സരത്തിന്‍റെ ആദ്യപകുതി സാക്ഷിയായത്. കൃത്യതയും ഒഴുക്കുമുള്ള കളി കാഴ്‌ച വെച്ച കറ്റാലൻസ് തുടക്കം മുതൽ നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഗോൾകീപ്പർ ക്വാർട്ട്വാ റയലിന്‍റെ രക്ഷകനായി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയില്ലാതെയിറങ്ങിയ റയല്‍ മാഡ്രിഡിന് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍.
29-ാം മിനിട്ടിൽ ഒബമയാങ്ങിലൂടെയാണ് ബാഴ്‌സ ലീഡെടുത്തത്. വലതുവിങ്ങിലൂടെ ഡെംബലെ നടത്തിയ മുന്നേറ്റത്തിനു ശേഷം നൽകിയ ക്രോസിൽ നിന്നും ഒബാമയാങ് വലകുലുക്കി. ഗോൾ വീണതിനു ശേഷം റയൽ മാഡ്രിഡ് ഉണർന്നു കളിച്ചെങ്കിലും ബാഴ്‌സലോണയുടെ കൃത്യമായ ഗെയിം പ്ലാൻ അവർക്ക് മികച്ച അവസരങ്ങളൊന്നും നൽകിയില്ല. കൗണ്ടർ അറ്റാക്കിൽ വിനീഷ്യസ് പെനാൽറ്റിക്കായി അപ്പീൽ നടത്തിയെങ്കിലും റഫറി അനുവദിക്കപ്പെട്ടില്ല.