മാഡ്രിഡ് :സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ വിജയത്തേരില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ് (Real Madrid). സീസണിലെ 18-ാം മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ 16-ാം സ്ഥാനക്കാരായ അലാവെസിനെയാണ് (Alaves) റയല്‍ തകര്‍ത്തത്. അലാവെസിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റയലിന്‍റെ ജയം (Alaves vs Real Madrid Match Result).
ലൂക്കാസ് വാസ്ക്വസിന്‍റെ (Lucas Vazquez) ഗോളാണ് മത്സരത്തില്‍ റയലിന് ജയമൊരുക്കി നല്‍കിയത്. രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ച വൈറ്റ്‌സിനായി ഇഞ്ചുറി ടൈമിലായിരുന്നു വാസക്വസ് ഗോള്‍ നേടിയത്. ജയത്തോടെ, പോയിന്‍റ് പട്ടികയില്‍ ജിറോണയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനും റയലിനായി.
18 മത്സരം പൂര്‍ത്തിയായപ്പോള്‍ 14 ജയവും മൂന്ന് സമനിലയും ഉള്‍പ്പടെ 45 പോയിന്‍റാണ് റയലിനും ജിറോണയ്‌ക്കുമുള്ളത്. ഗോള്‍ വ്യത്യാസത്തിലാണ് റയല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് (La Liga Points Table).
അലാവെസിന്‍റെ മെന്‍ഡിസൊറോസ സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുതല്‍ തന്നെ ആധിപത്യം സ്ഥാപിക്കാന്‍ റയലിനായി. രണ്ടാം മിനിറ്റില്‍ ബ്രഹിം ഡയസ് നടത്തിയ ഗോള്‍ ശ്രമം ഗോള്‍കീപ്പര്‍ അന്‍റോണിയോ സിവേറ രക്ഷപ്പെടുത്തി. പിന്നാലെ 9-ാം മിനിറ്റില്‍ അലാവെസിന്‍റെ മുന്നേറ്റം റയല്‍ ബോക്‌സില്‍ ബ്ലോക്ക് ചെയ്യപ്പെട്ടു.