പാരിസ് :സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിന്‍റെ (Al Hilal) റെക്കോഡ് ഓഫര്‍ പിഎസ്‌ജി (PSG) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ (Kylian Mbappe) നിരസിച്ചതായി റിപ്പോര്‍ട്ട്. റെക്കോഡ് തുക വാഗ്‌ദാനം നല്‍കിയതിന് പിന്നാലെ എംബാപ്പെയുമായി കൂടിക്കാഴ്‌ച നടത്താന്‍ പിഎസ്‌ജി അല്‍ ഹിലാലിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, സൗദി ക്ലബ്ബുമായി യാതൊരു വിധത്തിലുമുള്ള ചര്‍ച്ചയും നടത്താന്‍ എംബാപ്പെ തയ്യാറായില്ലെന്നാണ് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും ട്രാന്‍സ്‌ഫര്‍ സ്‌പെഷ്യലിസ്റ്റുമായ ഫാബ്രിസിയോ റൊമാനോ (Fabrizio Romano) അറിയിച്ചിരിക്കുന്നത്.
2024ല്‍ ആണ് കിലിയന്‍ എംബാപ്പെയ്‌ക്ക് ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള കരാര്‍ അവസാനിക്കുന്നത്. അടുത്ത സീസണിലേക്ക് താരം കരാര്‍ പുതുക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 24കാരനായ താരത്തെ ടീമിലെത്തിക്കാന്‍ റെക്കോഡ് തുക വാഗ്‌ദാനം ചെയ്‌ത് സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ രംഗത്തെത്തിയത്.
300 മില്യണ്‍ യൂറോ (332 മില്യണ്‍ ഡോളര്‍) എന്ന റെക്കോഡ് തുക എംബാപ്പെയ്‌ക്കായി മുടക്കാന്‍ തയ്യാറാണെന്നായിരുന്നു അല്‍ ഹിലാല്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പിഎസ്‌ജി അല്‍ ഹിലാലിന് എംബാപ്പെയുമായി ചര്‍ച്ച നടത്താനുള്ള അനുമതി നല്‍കിയത്. ഇതിന് പിന്നാലെ സൗദി ക്ലബ് പ്രതിനിധികള്‍ പാരിസിലേക്ക് എത്തിയിരുന്നെങ്കിലും അവരുമായി യാതൊരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്താന്‍ താരം തയ്യാറായില്ലെന്ന് വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, നേരത്തെ തന്നെ താരം സൗദി ക്ലബ്ബിന്‍റെ ഓഫര്‍ നിരസിക്കുമെന്ന സൂചനകളുണ്ടായിരുന്നു. തന്നെ കാണാനും എംബാപ്പെയെ പോലെയാണെന്നും വേണമെങ്കിൽ അല്‍ ഹിലാല്‍ തന്നെ വാങ്ങിക്കോളൂവെന്നും ബാസ്‌കറ്റ് ബോള്‍ താരം ജിയാനി പങ്കുവച്ചിരുന്ന ട്വീറ്റ് എംബാപ്പെ റീ ട്വീറ്റ് ചെയ്‌തിരുന്നു. സ്‌മൈലി ഉപയോഗിച്ച് താരം ഷെയര്‍ ചെയ്‌ത ഈ പോസ്റ്റ് അല്‍ ഹിലാലിന്‍റെ ഓഫര്‍ ഫ്രഞ്ച് നായകന്‍ തള്ളിയതിന്‍റെ സൂചനയാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഫ്രീ ഏജന്‍റായി എംബാപ്പെ ഫ്രഞ്ച് ക്ലബ് വിടാനാണ് സാധ്യത. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United), ചെല്‍സി (Chelsea), ടോട്ടന്‍ഹാം (Tottenham) തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ടെങ്കിലും സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് (Real Madrid) താരം ചേക്കേറുമെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായിട്ടുണ്ട്. റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗാണ് താരം ലക്ഷ്യം വയ്‌ക്കുന്നതെന്നും സൂചനകളുണ്ട്.
എന്നാല്‍, സ്‌പാനിഷ് ക്ലബ് താരത്തെ സ്വന്തമാക്കാന്‍ ഔദ്യോഗികമായി ഓഫര്‍ ഒന്നും ഇതുവരെ നല്‍കിയിട്ടില്ല. ട്രാന്‍സ്‌ഫര്‍ വിപണി അവസാനിക്കുന്നത് വരെ കാത്തിരിക്കാനാണ് ടീമിന്‍റെ നീക്കമെന്നാണ് സൂചന. അതേസമയം, ഫ്രീ ഏജന്‍റായി എംബാപ്പെ ക്ലബ് വിടുന്നത് സാമ്പത്തികമായി ഗുണം ചെയ്യാത്ത സാഹചര്യത്തില്‍ കരാര്‍ അവസാനിക്കും മുന്‍പ് തന്നെ താരത്തെ വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് പിഎസ്‌ജിയും നടത്തുന്നത്.
ഇതിന്‍റെ ഭാഗമായി ഫ്രഞ്ച് ക്ലബ്ബിന്‍റെ ജപ്പാന്‍ പ്രീ സീസണ്‍ പര്യടനത്തില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയിരുന്നു. 200 മില്യണ്‍ യൂറോയെങ്കിലും ലഭിക്കണമെന്ന ആവശ്യമാണ് നിലവില്‍ പിഎസ്‌ജിയ്‌ക്കുള്ളത്.