ദോഹ :ഖത്തർ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെ കീഴടക്കിയുള്ള ഫ്രാന്‍സിന്‍റെ മുന്നേറ്റം ഉറപ്പിച്ചത് യുവ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ്. മത്സരത്തിന്‍റെ 74, 91 മിനിട്ടുകളിലാണ് എംബാപ്പെ വലകുലുക്കിയത്. ഖത്തറില്‍ ഇതേവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ നേടിയത്.
ഇതടക്കം 23കാരന്‍റെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഒമ്പതാണ്. ഇതോടെ ബ്രസീല്‍ ഇതിഹാസം പെലെയുടെ ഒരു തകര്‍പ്പന്‍ റെക്കോഡ് മറി കടക്കാനും എംബാപ്പെയ്‌ക്ക് കഴിഞ്ഞു. 24 വയസിനുള്ളില്‍ ഏറ്റവുമധികം ലോകകപ്പ് ഗോള്‍ നേടിയ താരമെന്ന പെലെയുടെ റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തമാക്കിയത്. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എട്ട് ഗോളുകള്‍ നേടിയായിരുന്നു പെലെ റെക്കോഡിട്ടത്.
ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ നിലവില്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിക്കൊപ്പവും ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, സിനദിന്‍ സിദാന്‍, തിയറി ഹെൻറി തുടങ്ങിയ താരങ്ങള്‍ക്ക് മുന്നിലുമാണ് എംബാപ്പെ. ഖത്തറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലാണ് മെസി തന്‍റെ ഒമ്പതാം ലോകകപ്പ് ഗോള്‍ നേടിയത്. ഇത്രയും ഗോളുകള്‍ നേടാന്‍ മെസിക്ക് വേണ്ടി വന്നത് അഞ്ച് ലോകകപ്പുകളില്‍ 23 മത്സരങ്ങളാണ്.