പാരീസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിക്ക് സീസണിലെ ആദ്യ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലെന്‍സാണ് പിഎസ്‌ജിയെ കീഴടക്കിയത്. സ്ട്രാസ്ബര്‍ഗിനെതിരെ റെഡ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ നെയ്‌മറും ലോകകപ്പിന് ശേഷമുള്ള ഇടവേള തുടരുന്ന മെസിയുമില്ലാതെയാണ് പിഎസ്‌ജി ലെന്‍സിനെതിരെ കളിക്കാനിറങ്ങിയത്.
മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ തന്നെ പിഎസ്‌ജിയെ ഞെട്ടിച്ച് ലെന്‍സ് മുന്നിലെത്തി. പ്രെസെമിസ്ലാവ് ഫ്രാങ്കോവ്‌സ്‌കിയാണ് ഗോള്‍ നേടിയത്. മൂന്ന് മിനിട്ടുകള്‍ക്കകം ഹ്യൂഗോ എകിറ്റികെയിലൂടെ ഒപ്പം പിടിച്ചെങ്കിലും 28ാം മിനിട്ടില്‍ ലെന്‍സ് വീണ്ടും സ്‌കോര്‍ ചെയ്‌തതോടെ പിഎസ്‌ജി സമ്മര്‍ദത്തിലായി. ലോയിസ് ഓപ്പന്‍ഡയിലൂടെയാണ് ലെന്‍സ് സമനില പൊളിച്ചത്.
രണ്ടാം പകുതിയുടെ തടക്കത്തിലാണ് ലെന്‍സിന്‍റെ പട്ടികയിലെ മൂന്നാം ഗോള്‍ പിറന്നത്. 47ാം മിനിട്ടില്‍ അലക്‌സിസ് ക്ലോഡ് മൗറീസാണ് ഇക്കുറി വലകുലുക്കിയത്. തിരിച്ചടിക്കാന്‍ പിഎസ്‌ജി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോളടിക്കാന്‍ കഴിഞ്ഞില്ല. കൗണ്ടര്‍ അറ്റാക്ക് ചെറുക്കുന്നതില്‍ പിഎസ്‌ജിയുടെ ദൗർബല്യം തുറന്നുകാട്ടപ്പെട്ട മത്സരമാണിത്.
വിജയത്തോടെ പിഎസ്‌ജിയുമായുമായുള്ള പോയിന്‍റ് വ്യത്യാസം നാലായി കുറയ്‌ക്കാന്‍ രണ്ടാം സ്ഥാനക്കാരയ ലെന്‍സിന് കഴിഞ്ഞു. 17 മത്സരങ്ങളില്‍ നിന്നും 44 പോയിന്‍റുമായാണ് പിഎസ്‌ജി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റാണ് ലെന്‍സിന്‍റെ സമ്പാദ്യം.
Also read:സന്തോഷ് ട്രോഫി : ന്യൂയർ വെടിപൊട്ടിച്ച് കേരളം, ആന്ധ്രയെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്