പാരിസ് :ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ലീഗ് 1 കപ്പില്‍ നാന്‍റസിനെതിരായ മത്സരത്തിലെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് എംബാപ്പെ ഈ നേട്ടത്തിലേക്ക് എത്തിയത്. ഉറുഗ്വന്‍ താരം എഡിസണ്‍ കവാനിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് എംബാപ്പെ പഴങ്കഥയാക്കിയത്.
2013 മുതല്‍ 2020 വരെ പിഎസ്‌ജിക്കായി പന്ത് തട്ടിയ എഡിസണ്‍ കവാനി 301 മത്സരങ്ങളില്‍ നിന്ന് 200 ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ ക്ലബ്ബിനുവേണ്ടിയുള്ള തന്‍റെ 247-ാം മത്സരത്തില്‍ തന്നെ എംബാപ്പെ ഈ റെക്കോഡ് മറികടക്കുകയാണ് ഉണ്ടായത്. നിലവില്‍, 24-കാരനായ എംബാപ്പെ പിഎസ്‌ജിക്കായി സ്‌കോര്‍ ചെയ്‌ത ഗോളുകളുടെ എണ്ണം 201ആണ്.
ലീഗ് 1 ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും എംബാപ്പെയാണ്. 18 ഗോളുകളാണ് താരം ഈ സീസണില്‍ ഇതുവരെ അടിച്ചുകൂട്ടിയത്. 16 ഗോളുകളുമായി ലില്ലെയുടെ ജൊനാഥന്‍ ഡേവിഡാണ് ഈ പട്ടികയില്‍ രണ്ടാമന്‍.
2017ല്‍ റെക്കോഡ് തുകയ്‌ക്കാണ് മൊണോക്കോയില്‍ നിന്നും എംബാപ്പെ പിഎസ്‌ജിയിലേക്കെത്തിയത്. തുടര്‍ന്ന് നാല് തവണ ലീഗ് 1 കിരീടം എംബാപ്പെ ഉള്‍പ്പെട്ട പിഎസ്‌ജി ടീം സ്വന്തമാക്കി. കഴിഞ്ഞ നാല് സീസണിലും ടൂര്‍ണമെന്‍റിലെ ടോപ് സ്കോററും എംബാപ്പെയായിരുന്നു.
ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ ടോപ് സ്കോററും എംബാപ്പെയായിരുന്നു. 2022 ലോകകപ്പില്‍ 8 ഗോളാണ് ഫ്രഞ്ച് മുന്നേറ്റനിര താരം നേടിയത്. അര്‍ജന്‍റീനയ്‌ക്കെതിരായ ഫൈനലില്‍ ഫ്രാന്‍സ് നേടിയ മൂന്ന് ഗോളും പിറന്നത് എംബാപ്പെയുടെ കാലുകളില്‍ നിന്നായിരുന്നു.
കുതിപ്പ് തുടര്‍ന്ന് പിഎസ്‌ജി:നാന്‍റസിനെതിരായ മത്സരം പിഎസ്‌ജി 4-2നാണ് സ്വന്തമാക്കിയത്. മെസി തുടക്കമിട്ട ഗോള്‍ വേട്ട എംബാപ്പെയിലൂടെയാണ് അവസാനിച്ചത്. നാന്‍റസ് താരത്തിന്‍റെ സെല്‍ഫ് ഗോളും മത്സരത്തില്‍ പിഎസ്‌ജിക്ക് തുണയായി.