തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്നും കഴിഞ്ഞ വർഷം നടത്തിയ പോലെ പകലും രാത്രിയുമായിട്ടാണ് മത്സരങ്ങളെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ഈ മാസം (ഒക്‌ടോബർ) 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂൾ സ്റ്റേഡിയത്തിലാണ് 65-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത്.(Kerala School Sports Meet) 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്.
സബ് ജൂനിയർ ബോയ്‌സ് ആന്‍റ് ഗേൾസ് (അണ്ടർ -14), ജൂനിയർ ബോയ്‌സ് ആന്‍റ് ഗേൾസ് (അണ്ടർ 17) സീനിയർ ബോയ്‌സ് ആന്‍റ് ഗേൾസ് (അണ്ടർ 19) എന്നീ 6 കാറ്റഗറികളിലായി 3000ത്തിൽ പരം മത്സരാർത്ഥികളാണ് ഈ കായികമേളയിൽ പങ്കെടുക്കുന്നത്. ഇതിൽ പകുതി ആൺകുട്ടികളും, പകുതി പെൺകുട്ടികളും ഉൾപ്പെടുന്നു. 350 ഓളം ഒഫീഷ്യൽസ്,ടീം മാനേജേഴ്‌സ്, പരിശീലകർ എന്നിവർ മേളയിൽ പങ്കെടുക്കും.
86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.15 ഓളം സ്‌കൂളുകളിലായിട്ടാണ് കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കായിക താരങ്ങളുടെ യാത്രയ്ക്കായി വിവിധ സ്‌കൂളുകളിൽ നിന്നും 20-ഓളം ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. എസ്എസ്‌വി (സ്പോർട്‌സ് സ്പെസിക് വൊളന്‍റിയേർസ്) ആയി അറുപതോളം പേരെ സജ്ജീകരിക്കും. ഒഫീഷ്യൽസിനും വൊളന്‍റിയേർസിനും ഉള്ള പ്രത്യേക ഓറിയന്‍റേഷൻ ഉണ്ടായിരിക്കുന്നതാണ്.
സ്റ്റേഡിയത്തോട് ചേർന്നുള്ള ഗ്രൗണ്ടിൽ 1000 പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്. ബെദനി സ്‌കൂൾ ഗ്രൗണ്ട് ആണ് വാമിംഗ്അപ് ഏരിയ. മത്സരത്തിനായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡിസ്പ്ലേ ബോർഡ് , ഫോട്ടോ ഫിനിഷ് ക്യാമറ , വിൻഡ് ഗേജ്, ഫൗൾ സ്റ്റാർട്ട് ഡിറ്റക്‌ടർ , സ്റ്റാർട്ട് ഇൻഡിക്കേറ്റ് സിസ്റ്റം, എൽഇഡി വാൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അലോപ്പതി,ഹോമിയോപ്പതി,ആയുർവേദ, സ്പോർട്‌സ് ഫിസിയോതെറാപ്പി, ആംബുലൻസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്ന മെഡിക്കൽ ടീമിനെയും സജ്ജീകരിക്കും. മത്സരങ്ങൾ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങൾ, മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ എന്നിവ ഉടൻ തന്നെ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുളള സ്ക്രീനിലൂടെയും www.sports.kite.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും അറിയിക്കുന്നതാണ്.