കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) പത്താം പതിപ്പിലെ ആദ്യ മത്സരം ജയിച്ചുകയറി കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters). സ്വന്തം തട്ടകമായ കലൂര്‍ (Kaloor) ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ (JLN Stadium) നടന്ന മത്സരത്തില്‍ വൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെ 2-1 നാണ് കൊമ്പന്മാരുടെ വിജയം. ബെംഗളൂരു താരം കെസിയ വീന്‍ഡോപിന്‍റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനായി നായകന്‍ അഡ്രിയാന്‍ ലൂണയാണ് (Adrian Luna) വീണ്ടും വല കുലുക്കിയത് (Kerala Blasters Wins Against Bengaluru).
കഴിഞ്ഞവര്‍ഷം വിവാദ ഫ്രീകിക്കിനെ ചൊല്ലി കളംവിട്ട ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും വീണ്ടും കൊമ്പുകോര്‍ക്കാനെത്തുന്നു എന്നത് തന്നെയായിരുന്നു സീസണ്‍ ഓപ്പണര്‍ മത്സരത്തെ വ്യത്യസ്‌തമാക്കിയിരുന്നത്. ഇരു ടീമുകളും പഴയതെല്ലാം മറന്ന് പുതിയ അധ്യായങ്ങല്‍ രചിക്കാനാണ് ഇഷ്‌ടപ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ആരാധകരുടെ ഉള്ളിലെ കനല്‍ കെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെയായിരുന്നു കാല്‍പന്തിന്‍റെ ആരാധകര്‍ ഈ മത്സരത്തെ വീക്ഷിച്ചിരുന്നത്.
ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ പകുതി :മത്സരത്തിന്‍റെ ആദ്യ ടച്ച് മുതല്‍ തന്നെ ഉണര്‍ന്നുതന്നെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കളിച്ചിരുന്നത്. തുടക്കം മുതല്‍ തന്നെ ഗോള്‍ കണ്ടെത്താന്‍ വെമ്പുന്ന അവര്‍ക്ക് മുന്നില്‍ ഗോള്‍ മാത്രം അകന്നുനിന്നു. ഇരു വിങ്ങുകളില്‍ നിന്നായി ദെസൂകി സകായ്, നായകന്‍ ലൂണ എന്നിവര്‍ പ്രസ് ചെയ്‌ത് കളിച്ചതോടെ മുന്നേറ്റത്തില്‍ നിരവധി അവസരങ്ങളും തുറന്നെടുക്കാനായി. എന്നാല്‍ ഫിനിഷിങ്ങിലേക്കെത്തിയപ്പോള്‍ പലതും ലക്ഷ്യം കാണാതെ പോയി. ഇതോടെ ആദ്യ പകുതി ഇരു ടീമുകളും ഗോള്‍ കണ്ടെത്താതെ അവസാനിപ്പിച്ചു. ഇതിനിടെ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് നായകനും നിലവില്‍ ബെംഗളൂരു നിരയിലെ പ്രതിരോധത്തിലെ വിശ്വസ്‌തനുമായ ജെസ്സല്‍ കാര്‍നെയ്‌റോയ്‌ക്ക് നേരെ മഞ്ഞക്കാര്‍ഡും ഉയര്‍ന്നു.
ആദ്യ ഗോള്‍ ഇങ്ങനെ:ആദ്യ പകുതിയില്‍ ഉണര്‍ന്ന് കളിച്ചത് ബ്ലാസ്‌റ്റേഴ്‌സാണെങ്കില്‍ രണ്ടാമത്തെ പകുതിയുടെ തുടക്കത്തില്‍ ബെംഗളൂരു പിടിമുറുക്കി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സും ഉണര്‍ന്നു. അങ്ങനെയിരിക്കെയാണ് 52 ആം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ എത്തുന്നത്. ലൂണ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഈ ഗോള്‍ പിറക്കുന്നത്. ആദ്യം ഡാനിഷ് ഫാറൂഖിയുടെ കാലുകളില്‍ നിന്ന് പിറന്ന ഗോളായാണ് വിലയിരുത്തിയതെങ്കിലും, തട്ടിയൊഴിയുന്നതിനിടെ ബെംഗളൂരു താരം കെസിയ വീന്‍ഡോപിന്‍റെ ഓണ്‍ ഗോളായി ഇത് പരിഗണിക്കപ്പെടുകയായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി.
മജീഷ്യന്‍റെ ഗോള്‍ :ഒരു ഗോളിന്‍റെ ലീഡ് ഉയര്‍ത്തിയ ആത്മവിശ്വാസത്തിലായിരുന്നു തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് പന്തുതട്ടിയത്. ഇതിനിടെ സെല്‍ഫ് ഗോള്‍ വഴങ്ങിയ വീന്‍ഡോപിനെ ഉള്‍പ്പടെ ബെംഗളൂരു മൂന്നുതാരങ്ങളെ മാറ്റി പരീക്ഷിച്ചു. എന്നാല്‍ 69ാം മിനിറ്റില്‍ നായകന്‍ ലൂണയുടെ ഗോളും പിറന്നു. ഗോള്‍മുഖത്തോളം എത്തിയ പന്തിനെ ബെംഗളൂരു ഡിഫന്‍ഡര്‍മാര്‍ തട്ടി ഗോള്‍കീപ്പറുടെ മുന്നിലെത്തിച്ചുവെങ്കിലും ഇത് തട്ടിമാറ്റുന്നതിന് മുമ്പേ അതിവേഗം പന്തിലേക്ക് കുതിച്ച ലൂണ ഗോള്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിനെ കാഴ്‌ച്ചക്കാരനാക്കിയായിരുന്നു ലൂണയുടെ വിജയഗോള്‍. അതേസമയം പകരക്കാരനായെത്തിയ കുര്‍ടിസ് മെയ്‌നിന്‍റേതായാണ് 90ാം മിനിറ്റില്‍ ബെംഗളൂരുവിന്‍റെ ഗോള്‍ പിറക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ വിള്ളലിലൂടെയായിരുന്നു കുര്‍ടിസ് ഗോള്‍ കണ്ടെത്തിയത്.