എറണാകുളം : ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്‍റകോസിനെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ് എച്ച്‌എൻകെ ഹയ്‌ദുക് സ്പ്ലിറ്റില്‍ നിന്നാണ് ഇരുപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്. താരത്തെ സ്വന്തമാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.
ഗ്രീക്ക് സൂപ്പർ താരം മഞ്ഞപ്പടയിലേക്ക് ; അവസാന വിദേശ സൈനിങ്ങും പൂര്‍ത്തിയാക്കി കേരള ബ്ലാസ്റ്റഴ്‌സ് - Dimitrios Diamantakos
ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്‍റകോസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്
ഈ സമ്മറിലെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാനത്തെ വിദേശ താര കരാറാണ് ദിമിത്രിയോസ് ഡയമാന്‍റകോസിന്‍റേത്. ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നതിന് മുൻപ് ഇസ്രയേലി ക്ലബ് എഫ്‌സി അസ്ഹഡോഡിനൊപ്പം വായ്‌പ അടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ബ്ലാസ്‌റ്റേഴ്‌സിന്‍റെ മുന്നേറ്റ നിരയ്‌ക്ക് ദിമിത്രിയോസ് കൂടുതൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.
2012നും 2014നും ഇടയില്‍ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതന്‍സ്, അറിസ് തെസലോനികി, എര്‍ഗോടെലിസ് എഫ്‌സി എന്നിവയ്ക്കായി വായ്‌പ അടിസ്ഥാനത്തില്‍ ദിമിത്രിയോസ് കളിച്ചിട്ടുണ്ട്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളെയും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മത്സരങ്ങളില്‍ 19 ഗോളും നേടി. ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണയും താരം കളിച്ചിട്ടുണ്ട്.