കൊച്ചി :ലീഗിലെ അവസാന മത്സരം സ്വന്തം തട്ടകത്തില്‍ ജയിച്ച് പ്ലേ ഓഫിലേക്കുള്ള യാത്ര രാജകീയമാക്കാനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ മോഹങ്ങള്‍ വീണുടഞ്ഞു. കരുത്തരായ ഹൈദരാബാദ് എഫ്‌സിയോട് ഏകപക്ഷീയമായ തോല്‍വി വഴങ്ങിയ ടീമിന് 31 പോയിന്‍റുമായി അഞ്ചാംസ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. അതേസമയം തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ പ്ലേ ഓഫിലെ മത്സരത്തിന് ടീം സജ്ജമാണോ എന്ന ചോദ്യവും ആരാധകരില്‍ അവശേഷിപ്പിക്കുന്നുണ്ട്.
ഒന്നില്‍ വീണു, പിന്നെ എഴുന്നേറ്റില്ല : മത്സരത്തിന്‍റെ ആദ്യ പകുതി കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് നിരാശ നല്‍കുന്നതായിരുന്നു. മത്സരത്തില്‍ 29ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ തന്നെ മുന്‍താരമായിരുന്ന ഹാലിചരൺ നർസാരിയുടെ പാസിൽ നിന്നും ബോർഹ ഹെരേര വലകുലുക്കിയതോടെ സ്‌റ്റേഡിയം പ്രതീക്ഷകള്‍ അസ്‌തമിച്ച പ്രതീതിയിലായി. എന്നാല്‍ വഴങ്ങിയ ഗോളുകള്‍ക്ക് ശേഷം തിരിച്ചടിച്ച പാരമ്പര്യമുള്ള ടീമിന് കാണികള്‍ പരമാവധി ഊര്‍ജം നല്‍കിക്കൊണ്ടിരുന്നു.
ആ 'രണ്ടും' ഗോളായിരുന്നെങ്കിലോ?:മത്സരത്തിന്‍റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡ് നേടി മുന്നിലെത്തിയ ഹൈദരാബാദിനുള്ള മറുപടി ഗോളിനായുള്ള ശ്രമങ്ങള്‍ അടുത്ത നിമിഷം മുതല്‍ തുടങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമനേവിച്ച് മുമ്പ് വാര്‍ത്താസമ്മേളനങ്ങളില്‍ വ്യക്തമാക്കിയത് പോലെ ഫിനിഷിങ് അകന്നുനിന്നു. എന്നാല്‍ ഒരു ഗോളിന്‍റെ മാര്‍ജിനില്‍ നിന്ന് ഇരുപകുതികളില്‍ നിന്നുമായി ഹൈദരാബാദ് വീണ്ടും രണ്ട് ഗോളുകള്‍ സ്വന്തമാക്കിയെങ്കിലും ഓഫ് സൈഡ് കെണിയില്‍ കുരുങ്ങി ഒഴിവായതിനാല്‍ കേരളത്തിന്‍റെ പരാജയഭാരവും കുറഞ്ഞു.