ഫത്തോഡ :ഐസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതം. മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം ഹൈദരാബാദ് ഗോള്‍ മുഖത്തേക്ക് ഇരച്ച് കയറി.
14ാം മിനിട്ടില്‍ ഹര്‍മന്‍ജോത് ഖബ്ര ബോക്‌സിലേക്ക് നല്‍കിയ ക്രോസ് മുതലാക്കാന്‍ യോര്‍ഗെ ഡയസിന് സാധിച്ചില്ല. 23ാം മിനിട്ടില്‍ വാസ്‌ക്വസിന് പുടിയ മികച്ചൊരു ത്രൂ ബോള്‍ നല്‍കിയെങ്കിലും ആകാശ് മിശ്ര രക്ഷപ്പെടുത്തി. 39ാം മിനിട്ടില്‍ ആല്‍വാരോ വാസ്ക്വസിന്‍റെ തകര്‍പ്പന്‍ ഷോട്ട് ബാറിലിടിച്ച് മടങ്ങിയത് കേരളത്തിന് നിരാശയായി.
എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഫ്രീ കിക്കില്‍ നിന്നുള്ള ജാവിയര്‍ സിവെറിയോയുടെ ഗോളെന്നുറച്ച ഹെഡര്‍ തടഞ്ഞിട്ട് ഗോള്‍ കീപ്പര്‍ ഗില്‍ ബ്ലാസ്‌റ്റേഴ്‌സിന് രക്ഷകനായി. ആദ്യ പകുതിയുടെ 66 ശതമാനവും ബ്ലാസ്‌റ്റേഴ്‌സാണ് മത്സരം നിയന്ത്രിച്ചത്. ആറ് ഗോള്‍ ശ്രമങ്ങള്‍ മഞ്ഞപ്പടയുടെ ഭാഗത്തുനിന്നുണ്ടായി.
മൂന്നാം ഫൈനലിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സും ആദ്യ ഫൈനല്‍ കളിക്കുന്ന ഹൈദരാബാദും കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്.
അതേസമയം കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് കലാശപ്പോരിന് യോഗ്യത നേടിയത്.