റിയാദ് (സൗദി അറേബ്യ) : ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമ ഇനി സൗദി ക്ലബ് അൽ ഇത്തിഹാദിനായി പന്തുതട്ടും. റയൽ മാഡ്രിഡ് വിട്ടതിന് പിന്നാലെ താരം സൗദി ക്ലബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് സ്ഥിരീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ബെൻസേമ അൽ ഇത്തിഹാദുമായി കരാറിൽ ഒപ്പുവച്ചത്. 200 മില്യണ്‍ യൂറോയ്‌ക്ക് (1700 കോടിയിലധികം രൂപ) രണ്ട് വർഷത്തേക്കാണ് താരത്തിന്‍റെ കരാർ.
റയലുമായുള്ള 14 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് 35 കാരനാണ് ബെൻസേമ അൽ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുന്നത്. ഞായറാഴ്‌ച അത്‌ലറ്റിക് ക്ലബുമായുള്ള മത്സരത്തിലാണ് ബെൻസേമ ക്ലബിനായി അവസാനമായി ബൂട്ടണിഞ്ഞത്. സമനിലയിൽ കലാശിച്ച മത്സരത്തിൽ ബെൻസേമ ഒരു ഗോളും നേടിയിരുന്നു. മത്സരശേഷം വികാരാധീനനായാണ് താരം കളം വിട്ടത്. സഹതാരങ്ങൾ ബെൻസേമയെ എടുത്തുയർത്തിയാണ് യാത്രയയപ്പ് നൽകിയത്.
'ഞാൻ ഒരിക്കലും റയൽ മാഡ്രിഡിനെ മറക്കില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണിത്. എന്നാൽ ഇന്ന് ഇവിടെ നിന്ന് വിടപറയാനും മറ്റൊരു കഥ അറിയാനുമുള്ള സമയമായെന്ന് ഞാൻ കരുതുന്നു. വളരെയധികം വികാരങ്ങളുമായി സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്. റയൽ മാഡ്രിഡിനും എന്‍റെ ടീമംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ജീവിതത്തിന്‍റെ വഴി തുറന്നത് ഇവിടെ നിന്നാണ്. എന്‍റെ ബാല്യകാല സ്വപ്‌നം സാക്ഷാത്കരിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി' -ബെൻസേമ പറഞ്ഞു.
റയലുമായി ബെൻസേമയ്‌ക്ക് ഒരു വർഷത്തേക്ക് കൂടി കരാർ ബാക്കിയുണ്ടെങ്കിലും ഉഭയസമ്മതപ്രകാരം അത് അവസാനിപ്പിക്കുകയായിരുന്നു. 2009ൽ ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്ന് 35 മില്യണ്‍ യൂറോ മുടക്കിയാണ് ബെൻസേമയെ റയൽ തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്. അതേ വർഷം തന്നെയാണ് റൊണാൾഡോയേയും ക്ലബ് സ്വന്തമാക്കുന്നത്. എന്നാൽ ആദ്യ സീസണുകളിൽ ബെൻസേമയുടെ സ്ഥാനം എന്നും ബെഞ്ചിലായിരുന്നു.
എന്നാൽ തൊട്ടടുത്ത സീസണിൽ ജൊസെ മൗറിന്യോ റയലിന്‍റെ പരിശീലകനായി എത്തിയതോടെ ബെൻസേമയുടെ തലവര തെളിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേല്‍ വാൻ ഡെർ വാട്ട്, അർജന്‍റൈൻ താരം ഹിഗ്വയിൻ, ബ്രസീലിന്‍റെ കക്ക എന്നിവരടക്കമുള്ള മുൻനിരയിൽ ബെൻസേമയ്‌ക്കും അവസരം കിട്ടിത്തുടങ്ങി. നീണ്ട കാത്തിരിപ്പിനൊടുവിൽ ആദ്യ ഇലവനിൽ ലഭിച്ച അവസരങ്ങളെല്ലാം മികച്ച രീതിയിൽ വിനിയോഗിച്ച താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ റയലിന്‍റെ മുന്നേറ്റ നിരയിലെ നിർണായക സാന്നിധ്യമായി മാറി.
2018ൽ ക്രിസ്റ്റ്യാനോ റയൽ വിട്ട് യുവന്‍റസിലേക്ക് പോയതോടെ ബെൻസേമ ടീമിന്‍റെ ഗോളടി യന്ത്രമായി മാറുകയായിരുന്നു. ഒരു പിടി യുവതാരങ്ങളെ കൂട്ടുപിടിച്ച് ടീമിനെ മുന്നോട്ട് നയിച്ച ബെൻസേമ ക്ലബിനായി രണ്ട് ലാലിഗയും ഒരു ചാമ്പ്യൻസ് ലീഗും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2021-22 സീസണിൽ ലാലിഗയിലെയും ചാമ്പ്യൻസ് ലീഗിലെയും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ ബെൻസേമ ബാലൺ ദ്യോറിലും മുത്തമിട്ടു.
റയലിനായി അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ കിരീടങ്ങളുമടക്കം 24 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. റയലിന്‍റെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് പിന്നിൽ രണ്ടാമനാണ് ബെന്‍സേമ. റൊണാൾഡോ 450 ഗോളുകൾ നേടിയപ്പോൾ 354 ഗോളുകളാണ് ബെൻസേമയുടെ സമ്പാദ്യം. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ആകെ 31 ഗോളുകൾ നേടിയ ബെൻസേമ ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.