ഹെല്‍സിങ്കി: സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ രണ്ടാമനായി കരീം ബെന്‍സേമ. യുവേഫ സൂപ്പര്‍കപ്പ് കലാശപ്പോരാട്ടത്തില്‍ ജർമ്മൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർടിനെതിരെ നേടിയ ഗോളോടെയാണ് ഇതിഹാസ താരം റൗളിനെ മറികടന്ന് ബെന്‍സേമ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. 438 മത്സരങ്ങളില്‍ നിന്ന് 450 ഗോള്‍ നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയല്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമന്‍.
ഫ്രാങ്ക്ഫർടിനെതിരെ നേടിയ ഗോളോട് കൂടി ബെന്‍സിമ റയലിനായി നേടിയ ഗോളുകളുടെ എണ്ണം 324 ആയി. ക്ലബിനായി ഇറങ്ങിയ തന്‍റെ 606-ാമത് മത്സരത്തിലാണ് ബെന്‍സിമ നേട്ടത്തിലേക്ക് എത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ റെക്കോഡ് മറികടക്കാന്‍ 126 ഗോളുകളാണ് 34-കാരനായ റയല്‍ മുന്നേറ്റനിര താരത്തിന് ആവശ്യം.
അതേസമയം 2022 ബാലണ്‍ ദി ഓര്‍ പുരസ്‌കാരത്തിന് മറ്റാരെക്കാളും കരീം ബെന്‍സേമ അര്‍ഹനെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ബെന്‍സേമയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നത് ലോകത്തിലേറ്റവും പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവേഫ സൂപ്പര്‍കപ്പിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു റയല്‍ പരിശീലകന്‍.
2009 മുതല്‍ ക്ലബ്ബിനായി കളിക്കുന്ന ബെന്‍സേമ ഇറ്റാലിയന്‍ പരിശീലകന് കീഴില്‍ മിന്നും ഫോമിലാണ്. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ നേടി റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിക്കുന്നതിലും ബെന്‍സേമ പ്രധാന പങ്ക് വഹിച്ചിരുന്നു.
Also read: റയൽ മാഡ്രിഡ് സൂപ്പറാ, യുവേഫ സൂപ്പർ കപ്പ് ബെർണബ്യൂവിലെത്തിച്ച് സ്‌പാനിഷ് വമ്പൻമാർ