മാഡ്രിഡ് : ലിവർപൂളിനെ കീഴടക്കി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ച് സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. റയലിന്‍റെ മൈതാനമായ സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയത്തോടെ ഇരുപാദങ്ങളിലുമായി 6-2 എന്ന സ്‌കോറിന്‍റെ ആധികാരിക വിജയത്തോടെയാണ് ക്ലബ് അവസാന എട്ടിലെത്തിയത്. കരീം ബെൻസേമയുടെ ഗോളാണ് മാഡ്രിഡിലും ലിവർപൂളിനുമേൽ റയലിന് ജയമൊരുക്കിയത്.
ആൻഫീൽഡിൽ നടന്ന ആദ്യപാദത്തിൽ 5-2 ന്‍റെ തോൽവി വഴങ്ങിയ ലിവർപൂളിന് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമെങ്കിലും ആവശ്യമായിരുന്നു. എന്നാൽ ഒരിക്കൽ പോലും റയലിന്‍റെ ഗോൾവലയിൽ പന്തെത്തിക്കാനാവാതെയാണ് ക്ലോപ്പും സംഘവും മടങ്ങുന്നത്.
മത്സരത്തിന്‍റെ തുടക്കം മുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. മൂന്നിൽ കൂടുതൽ ഗോളുകൾ നേടാനായില്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് കിരീടം അവസാനിക്കുമെന്നതിനാൽ ലിവർപൂളിന് മുന്നിൽ ആക്രമണ ഫുട്‌ബോൾ മാത്രമായിരുന്നു പോംവഴി. ഏഴാം മിനിട്ടിൽ തന്നെ ഡാർവിൻ നൂനെസിന്‍റെ ഷോട്ട് മാഡ്രിഡ് ഗോൾകീപ്പർ തിബോട്ട് കോർട്ടോ രക്ഷപ്പെടുത്തി. ഗോൾകീപ്പർ അലിസണിന്‍റെ മികച്ച സേവുകളാണ് ആദ്യപകുതി ഗോൾരഹിതമായി നിർത്തിയത്.
രണ്ടാം പകുതിയിൽ കൂടുതൽ പന്ത് കൈവശം വെച്ച റയൽ ആധിപത്യം നേടി. 79-ാം മിനിട്ടിലാണ് മാഡ്രിഡിന്‍റെ ജയമുറപ്പിച്ച ഗോൾ വന്നത്. വിനീഷ്യസ് ജൂനിയർ നൽകിയ പാസിൽ നിന്നാണ് ഗോള്‍. കരീം ബെൻസേമ ഗോൾകീപ്പർ അലിസണെ കീഴടക്കി റയലിനെ മുന്നിലെത്തിച്ചു. അവസാന എട്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളിൽ നിന്ന് ബെൻസേമയുടെ 13-ാം ഗോളായിരുന്നുവിത്.