മയോർക്ക: സ്‌പാനിഷ് ലാലിഗയിൽ കുതിപ്പ് തുടര്‍ന്ന് റയൽ മാഡ്രിഡ്. മയോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത സംഘം ലീഗില്‍ ബഹുദൂരം മുന്നിലെത്തി. റയലിനായി കരീം ബെൻസീമ ഇരട്ട ഗോൾ നേടിയപ്പോള്‍ വിനീഷ്യസ് ജൂനിയറും ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് റയലിന്‍റെ പട്ടികയിലെ മൂന്ന് ഗോളുകളും പിറന്നത്. 55ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറാണ് അക്കൗണ്ട് തുറന്നത്. ബോക്സിന് സമീപം മയോർക്ക പ്രതിരോധത്തിന് പറ്റിയ പിഴവാണ് ഈ ഗോളിന് വഴിയൊരുക്കിയത്. പന്ത് റാഞ്ചിയ ബെന്‍സിമ മറിച്ച് നല്‍കിയപ്പോള്‍ വിനീഷ്യസ് അനായാസം വലകുലുക്കി.
77ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് റയലിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. വിനീഷ്യസിനെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ബെന്‍സീമ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് 82ാം മിനിട്ടില്‍ ബെന്‍സീമ രണ്ടാം ഗോളും സ്വന്തമാക്കി. മാര്‍സലോയുടെ ക്രോസിന് തലവെച്ചായിരുന്നു ഈ ഗോള്‍ നേട്ടം.
ജയത്തോടെ 28 മത്സരങ്ങളില്‍ നിന്നും 66 പോയിന്‍റുമായാണ് റയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയ്‌ക്ക് 28 മത്സരങ്ങളില്‍ നിന്നും 56 പോയിന്‍റാണുള്ളത്. ഇതോടെ ഇരുവരും തമ്മിലുള്ള വ്യത്യാസം 10 പോയിന്‍റായി. 27 മത്സരങ്ങളില്‍ 51 പോയിന്‍റുള്ള ബാഴ്‌സയാണ് മൂന്നാം സ്ഥാനത്ത്.