മാഞ്ചസ്റ്റർ : ലീഡ്‌സ് യുണൈറ്റഡിൽനിന്ന് മിഡ്‌ഫീൽഡർ കാൽവിൻ ഫിലിപ്‌സിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. 42 മില്യൺ മുടക്കിയാണ് ആറ് വർഷത്തെ കരാറില്‍ താരത്തെ സിറ്റി ടീമിലെത്തിച്ചത്. ഡിഫൻസീവ് മിഡ്‌ഫീൽഡറായും ഉപയോഗിക്കാവുന്ന ഫിലിപ്‌സിനെ ഈ സീസണിൽ ടീം വിട്ട ഫെർണാണ്ടീന്യോക്ക് പകരക്കാരനായാണ് പരിഗണിക്കുന്നത്.
മിഡ്‌ഫീൽഡർ കാൽവിൻ ഫിലിപ്‌സിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
ഈ സീസണിൽ ടീം വിട്ട ഫെർണാണ്ടീന്യോക്ക് പകരക്കാരനായാണ് സിറ്റി ഫിലിപ്‌സിനെ പരിഗണിക്കുന്നത്
മധ്യനിര ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്ന സിറ്റിയുടെ പ്രധാന താരമായിരുന്നു ഫിലിപ്‌സ്. ആഴ്‌ചകളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് താരത്തിന്‍റെ കൈമാറ്റത്തിൽ ലീഡ്‌സ് യുണൈറ്റഡുമായി മാഞ്ചസ്റ്റർ സിറ്റി ധാരണയിലെത്തിയത്. നേരത്തെ, ബൊറൂസിയ ഡോർട്‌മുണ്ടിൽ നിന്ന് എർലിങ് ഹാലണ്ടിനെ സ്വന്തമാക്കിയ സിറ്റിയുടെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ രണ്ടാമത്തെ സൈനിങ്ങാണ് ഫിലിപ്‌സ്.
ഹാലണ്ടിനും ഫിലിപ്‌സിനും പുറമെ ബ്രൈറ്റണിന്‍റെ സ്‌പാനിഷ് ലെഫ്‌റ്റ്-ബാക്ക് മാർക് കുകുറേയയെയും സ്വന്തമാക്കാൻ സിറ്റി നീക്കങ്ങൾ നടത്തുന്നുണ്ട്. പരിശീലകൻ മാർസെലോ ബിയൽസയുടെ കീഴിൽ ലീഡ്‌സിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് കാൽവിൻ ഫിലിപ്‌സ്. ആധുനിക കാലത്തെ ഇതിഹാസ താരങ്ങളിലൊരാളായാണ് ഫിലിപ്‌സ് തന്‍റെ ബാല്യകാല ക്ലബ്ബായ (അക്കാദമി ക്ലബ്) ലീഡ്‌സിൽ നിന്നും പടിയിറങ്ങുന്നത്.