ന്യൂഡല്‍ഹി: വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുതിയ ദേശീയ റെക്കോഡ് സ്വന്തമാക്കി ജ്യോതി യാര്‍ജി. യുകെയില്‍ നടക്കുന്ന ലഫ്ബൊറോ ഇന്‍റര്‍നാൺണല്‍ അത്‌ലറ്റിക് മീറ്റിലാണ് ജ്യോതിയുടെ നേട്ടം. മെയ് 10ന് ലിമാസോളിൽ നടന്ന സൈപ്രസ് ഇന്റർനാഷണൽ മീറ്റില്‍ സ്വന്തമാക്കിയ റെക്കോഡാണ് 20കാരിയായ ആന്ധ്ര സ്വദേശി മെച്ചപ്പെടുത്തിയത്.
13.11 സെക്കന്‍ഡ് സമയമെടുത്താണ് ജ്യോതി ലഫ്ബൊറോ മീറ്റില്‍ മത്സരം ഫിനിഷ് ചെയ്‌തത്. സൈപ്രസ് മീറ്റില്‍ താരം ആദ്യം സ്ഥാപിച്ച റെക്കോഡ് സമയം 13.23 സെക്കന്‍ഡ് ആയിരുന്നു. 2002 മുതല്‍ അനുരാഥ ബിസ്വാളിന്‍റെ പേരിലായിരുന്നു വനിത ഹര്‍ഡില്‍സിലെ ദേശീയ റെക്കോഡ്.
ആന്ധ്രാപ്രദേശിലെ എളിയ പശ്ചാത്തലത്തില്‍ നിന്നാണ് ജ്യോതി യാര്‍ജി ട്രാക്കിലേക്ക് എത്തിയത്. താരത്തിന്‍റെ പിതാവ് സൂര്യനാരായണന്‍ സെക്യൂരിറ്റി ജീവനക്കാരനും, അമ്മ കുമാരി വീട്ടുജോലിക്കാരിയുമാണ്. ഭുവനേശ്വറിലെ റിലയൻസ് ഫൗണ്ടേഷൻ ഒഡീഷ അത്‌ലറ്റിക്‌സ് ഹൈ പെർഫോമൻസ് സെന്‍ററില്‍ ജോസഫ് ഹില്ലിയറിനു കീഴിലാണ് ജ്യോതി പരിശീലനം നടത്തിയിരുന്നത്.
നിര്‍ഭാഗ്യം വഴി റെക്കോഡ് നഷ്‌ടം:കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ഫെഡറേഷന്‍ കപ്പില്‍ ജ്യോതി യാര്‍ജി 13.09 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ മത്സരത്തിലെ ചില സാങ്കേതിക നിയമസശങ്ങള്‍ മൂലം അത് ദേശീയ റെക്കോഡിനായി പരിഗണിച്ചിരുന്നില്ല. 2020-ല്‍ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും അനുരാഥ ബിസ്വാളിന്‍റെ റെക്കോര്‍ഡ് സമയത്തെ ജ്യോതി മറികടന്നിരുന്നു.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധന നടക്കാത്തിനെ തുടര്‍ന്ന് അന്നും താരത്തിന് അര്‍ഹതപ്പെട്ട റെക്കോഡ് നിഷേധിക്കപ്പെടുകയായിരുന്നു. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രതിനിധികളും ആ മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല. ദേശീയ റെക്കോഡ് ലഭിക്കാതിരുന്ന ആ മത്സരത്തില്‍ 13.03 സെക്കന്‍ഡിലാണ് ജ്യോതി ഫിനിഷ് ചെയ്‌തിരുന്നത്.