ടോക്കിയോ: കൊവിഡ് പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിലെ ആശങ്കകള്‍ അകറ്റാൻ ജപ്പാൻ സൈന്യവും. ഗെയിംസിന് കൊവിഡ് ഭീഷണിയാകാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് സൈന്യത്തിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രി നോബുവോ കിഷി അറിയിച്ചു.
ഇതു സംബന്ധിച്ചുള്ള അപേക്ഷ ഗെയിംസ് സംഘാടകരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. അതേസമയം ജപ്പാനില്‍ വളരെ മന്ദഗതിയിലുള്ള പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ വേഗത്തിലാക്കാൻ സായുധ സേന ഈ ആഴ്ച ടോക്കിയോയിലും ഒസാക്കയിലും വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.