ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ജയം പിടിച്ചത്. യുണൈറ്റഡിനായി ജേഡന്‍ സാഞ്ചോയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ലക്ഷ്യം കണ്ടു. മുഹമ്മദ് സലയാണ് ലിവര്‍പൂളിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
ലീഗില്‍ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡിന്‍റെ ആദ്യ ജയമാണിത്. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ടീമില്‍ വമ്പന്‍ മാറ്റങ്ങളോടെയാണ് യുണൈറ്റഡ് ലിവര്‍പൂളിനെതിരെ കളിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ക്യാപ്റ്റന്‍ ഹാരി മഗ്വയറിനെയും പുറത്തിരുത്തി.
പകരം എലാന്‍ഗയും റാഫേല്‍ വരാനെയും ടീമിലെത്തി. മത്സരത്തിന്‍റെ 71 ശതമാനവും പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞെങ്കിലും ഗോളടിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. 16ാം മിനിട്ടില്‍ തന്നെ സാഞ്ചോയിലൂടെ മുന്നിലെത്താന്‍ യുണൈറ്റഡിന് കഴിഞ്ഞു.
എലാന്‍ഗയുടെ പാസില്‍ നിന്നാണ് സാഞ്ചോ ലക്ഷ്യം കണ്ടത്. ആദ്യ പകുതിയല്‍ യുണൈറ്റഡ് ഈ ലീഡ് നിലനിര്‍ത്തിയപ്പോള്‍ ലിവര്‍പൂളിന് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 53ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡിലൂടെ യുണൈറ്റഡ് ലീഡുയര്‍ത്തി. മൈതാന മധ്യത്തിന് നിന്ന് റാഞ്ചിയെടുത്ത പന്ത് മാര്‍ഷ്യല്‍ നീട്ടി നല്‍കിയപ്പോള്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കെറെ അനായാസം കീഴടക്കാന്‍ റാഷ്‌ഫോര്‍ഡിന് കഴിഞ്ഞു.
രണ്ട് ഗോളിന് പുറകിലായതോടെ ലിവര്‍പൂള്‍ ആക്രമണം കടുപ്പിച്ചു. ഇതിന്‍റെ ഫലമായി 81ാം മിനിട്ടില്‍ മുഹമ്മദ് സല വലയില്‍ പന്തെത്തിച്ചു. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ഈ ഗോളിന്‍റെ പിറവി. സമനിലയ്‌ക്കായി ലിവര്‍പൂള്‍ പൊരുതിയെങ്കിലും യുണൈറ്റഡ് പ്രതിരോധം ഉലയാതെ നിന്നു.
മത്സരത്തിന്‍റെ 86ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ പകരക്കാരനായി കളിക്കാനിറങ്ങിയിരുന്നു. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ അവസാനക്കാരായിരുന്ന യുണൈറ്റഡ് 14ാം സ്ഥാനത്തേക്ക് കയറി.
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു വിജയവുമായി മൂന്ന് പോയിന്‍റാണ് സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമായി 16ാം സ്ഥാനത്താണ് ലിവര്‍പൂള്‍.