കേരളം

kerala

ETV Bharat / sports

ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂരും; നിര്‍ണായകമാവുന്ന അഞ്ച് താരങ്ങള്‍ - Peter Hartley

സീസണിലെ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്‌പൂര്‍ ആദ്യ ഫൈനല്‍ ലക്ഷ്യം വെയ്‌ക്കുമ്പോള്‍, ബ്ലാസ്റ്റേഴ്‌സ് ഉന്നംവെയ്‌ക്കുന്നത് മൂന്നാം ഫൈനലാണ്.

ISL  Kerala Blasters vs Jamshedpur FC  ഐഎസ്‌എല്‍  കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്‌പൂര്‍ എഫ്‌സി  റൂയ്‌വ ഹോർമിപാം  അഡ്രിയാൻ ലൂണ  സഹൽ അബ്‌ദുൾ സമദ്  പീറ്റർ ഹാർട്ട്ലി  ഗ്രെഗ് സ്റ്റുവർട്ട്  Sahal Abdul Samad  Adrian Luna  Peter Hartley  Ruivah Hormipan
ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂരും; നിര്‍ണായകമാവുന്ന അഞ്ച് താരങ്ങള്‍

By

Published : Mar 15, 2022, 9:56 AM IST

പനാജി: ഐഎസ്‌എല്‍ എട്ടാം സീസണിന്‍റെ കലാശപ്പോരിന് സ്ഥാനമുറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂര്‍ എഫ്‌സിയും ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30നാണ് മത്സരം നടക്കുക. സീസണിലെ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്‌പൂര്‍ ആദ്യ ഫൈനല്‍ ലക്ഷ്യം വെയ്‌ക്കുമ്പോള്‍, ബ്ലാസ്റ്റേഴ്‌സ് ഉന്നംവെയ്‌ക്കുന്നത് മൂന്നാം ഫൈനലാണ്.

ആദ്യ പാദ സെമിയില്‍ ഒരു ഗോളിന്‍റെ വിജയം ബ്ലാസ്റ്റേഴ്‌സിന് മുന്‍തൂക്കവും ആത്മവിശ്വാസവും നല്‍കുന്ന കാര്യമാണ്. എന്നാല്‍ മത്സരം ഏതു നിമിഷവും മാറ്റിമറിയ്‌ക്കാനാവുന്ന ഒരു പിടി താരങ്ങള്‍ ഇരുപക്ഷത്തുമുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്‌പൂര്‍ മത്സരത്തില്‍ നിര്‍ണായകമായേക്കാവുന്ന അഞ്ച് താരങ്ങള്‍

റൂയ്‌വ ഹോർമിപാം

യുവ ഇന്ത്യൻ സെന്‍റർ ബാക്കായ ഹോർമിപാമിന് ഇതൊരു മിച്ച സീസണാണ്. ആദ്യ പാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയത്തില്‍ നിര്‍ണായകമായ ഹോര്‍മിപാം കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ജംഷഡ്‌പൂരിന്‍റെ കുന്തമുനകളായ ഡാനിയൽ ചിമ, ഗ്രെഗ് സ്റ്റുവാർട്ട് കോമ്പിനേഷനെ ചെറുക്കുന്നതില്‍ നിര്‍ണായമാവാന്‍ താരത്തിനായി.

റൂയ്‌വ ഹോർമിപാം

കോച്ച് ഇവാൻ വുകോമാനോവിച്ചിന് പൂര്‍ണ വിശ്വാസമുള്ള താരം കൂടിയാണ് ഹോര്‍മിപാം. പ്രതിരോധ നിരയില്‍ ലെസ്‌കോവിച്ചിനൊപ്പം ഹോർമിപാനിറങ്ങുമ്പോള്‍ അല്‍വാരോ വാസ്‌ക്വസ്, അഡ്രിയാൻ ലൂണ, ജോർജ്ജ് പെരേര ഡയസ് എന്നിവര്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി കളിക്കാനുള്ള അവസരം നല്‍കും.

അഡ്രിയാൻ ലൂണ

ബ്ലാസ്റ്റേഴ്‌സിന്‍റെ മിഡ്‌ഫീൽഡില്‍ സുപ്രധാനമാണ് നായകന്‍ കൂടിയായ അഡ്രിയാൻ ലൂണ എന്ന ഉറുഗ്വേൻ താരം. ഗോളടിക്കാനും ഗോളടപ്പിക്കാനും കഴിവുള്ള താരം. വാസ്ക്വസിനും ഡയസിനും ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ ഉതകുന്നതരത്തില്‍ പിന്നില്‍ നിന്നും ലൂണ മെനയുന്ന തന്ത്രങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ കുതിപ്പില്‍ നിര്‍ണായകമാണ്.

അഡ്രിയാൻ ലൂണ

സെറ്റ്പീസുകളിൽ നിന്നും ഗോളുകൾ നേടാനുള്ള കഴിവുള്ള താരം കൂടിയാണ് ലൂണ. സീസണില്‍ അഞ്ച് ഗോളുകളും ഏഴ് അസിസ്റ്റുകളും ഈ 29കാരന്‍റെ പേരിലുണ്ട്.

സഹൽ അബ്‌ദുൾ സമദ്

ആദ്യപാദ സെമിയില്‍ ഗോള്‍ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സിനെ ഒരടി മുന്നിലെത്തിച്ച താരമാണ് സഹൽ അബ്ദുൾ സമദ്. സീസണില്‍ ഇതേവരെ ആറ് ഗോളുകളും ഒരു അസിസ്റ്റും ഈ മലയാളി താരത്തിന്‍റെ പേരിലുണ്ട്. ലൂണയ്‌ക്കൊപ്പം മിഡ്‌ഫീൽഡിലോ, ഔട്ട് വൈഡിലോ തുല്യ സ്വാധീനം ചെലുത്താന്‍ സമദിന് കഴിഞ്ഞിട്ടുണ്ട്.

സഹൽ അബ്‌ദുൾ സമദ്

മറ്റുതാരങ്ങള്‍ക്കൊപ്പം തികഞ്ഞ ഒത്തിണക്കം പ്രകടിപ്പിക്കുന്ന സമദിനെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണുകളിലൊന്നാണിത്. ഏതു സമയത്തും ഗോള്‍ കണ്ടെത്താനുള്ള താരത്തിന്‍റെ കഴിവ് ജംഷഡ്‌പൂരിന് വെല്ലുവിളിയാവും.

പീറ്റർ ഹാർട്ട്ലി

ജംഷഡ്‌പൂരിന്‍റെ ഉറച്ച പ്രതിരോധ താരവും അതിലും മികച്ച ക്യാപ്റ്റനുമാണ് പീറ്റർ ഹാർട്ട്ലി. സംഘത്തെ ഷീല്‍ഡ് ജേതാക്കളാക്കുന്നതില്‍ മികച്ച പങ്കാണ് പീറ്റർ ഹാർട്ട്ലിക്കുള്ളത്. പരിക്കുകളെ അതിജീവിച്ച താരം സീസണില്‍ ചില സെന്‍സേഷണല്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

പീറ്റർ ഹാർട്ട്ലി

പ്രതിരോധത്തിന് പുറമെ സെറ്റ്പീസുകളിൽ നിന്ന് ഗോളുകൾ നേടാനും ഹാർട്ട്‌ലിയുടെ കഴിവ് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിണ്. പ്രതിരോധക്കോട്ട കെട്ടാന്‍ ഹാർട്ട്ലിയോടൊപ്പം എലി സാബിയയും ചേരുമ്പോള്‍ ഗോള്‍ നേടുകയെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രയാസമാവും.

ഗ്രെഗ് സ്റ്റുവർട്ട്

സീസണില്‍ ജംഷഡ്‌പൂരിന്‍റെ മികച്ച വിദേശ താരങ്ങളിലൊരാളാണ് സ്റ്റുവർട്ട്. ഫോര്‍വേഡായും അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായും കളത്തില്‍ നിറയുന്ന താരമാണ് ഈ സ്‌കോട്ടിഷുകാരന്‍. ഡിഫൻഡർമാരെ മറികടന്ന് ഗോളവസരങ്ങൾ സൃഷ്ടിക്കാനുള്ള അസാധാരണമായ കഴിവുള്ള താരം.

ഗ്രെഗ് സ്റ്റുവർട്ട്

മുന്‍ മത്സരങ്ങളില്‍ സെറ്റ്പീസുകളിൽ നിന്ന് ചില സെൻസേഷണൽ ഗോളുകൾ നേടാന്‍ താരത്തിനായിട്ടുണ്ട്. ജംഷഡ്‌പൂരിന്‍റെ മുന്നേറ്റ താരങ്ങളുമായി മിച്ച കോമ്പിനേഷനാണ് സ്റ്റുവർട്ടിനുള്ളത്. നിലവില്‍ ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുന്ന താരംകൂടിയാണ് സ്റ്റുവര്‍ട്ട്.

സീസണില്‍ ഇതേവരെ 10 ഗോളുകളും 10 അസിസ്റ്റുകളുമാണ് താരത്തിന്‍റെ പേരിലുള്ളത്. ആദ്യപാദത്തില്‍ നിറം മങ്ങിയ താരം ഇന്ന് കളം നിറഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സിന് കനത്ത വെല്ലുവിളിയാവും.

ABOUT THE AUTHOR

...view details