കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഒഡീഷ എഫ്‌സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയമാണ് സ്വന്തമാക്കിയത്. സമനിലയിൽ കലാശിക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തിന്‍റെ 86-ാം മിനിട്ടിൽ പ്രതിരോധ താരം സന്ദീപ് സിങ്ങാണ് മഞ്ഞപ്പടയ്‌ക്കായി വിജയഗോൾ നേടിയത്. സഹൽ അബ്‌ദുൽ സമദ് തുടങ്ങിവെച്ച മുന്നേറ്റത്തിനൊടുവിൽ ഒഡീഷൻ ഗോൾകീപ്പറുടെ പിഴവിൽ നിന്നും ലഭിച്ച പന്തിൽ മനോഹരമായ ഹെഡറിലൂടെയാണ് സന്ദീപ് വലകുലുക്കിയത്.
ഒഡീഷയ്‌ക്കെതിരായ ജയത്തോടെ പോയിന്‍റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാമതെത്തി. അതോടൊപ്പം തന്നെ തോൽവിയറിയാതെ ഏഴ് മത്സരങ്ങളും പൂർത്തിയാക്കി. അവസാന ഏഴ് മത്സരങ്ങളിൽ ആറിലും വിജയം നേടിയ മഞ്ഞപ്പട ചെന്നൈയിനെതിരായ മത്സരത്തിൽ മാത്രമാണ് സമനില വഴങ്ങിയത്.
ഒക്‌ടോബർ 24ന് നടന്ന എവേ മത്സരത്തിൽ ഒഡീഷക്കെതിരെ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിൽ തിരിച്ചടി നൽകിയാണ് വിജയമാഘോഷിച്ചത്. ശക്തമായ താരങ്ങളുമായി കളത്തിലിറങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിൽ നിന്നും നിറംമങ്ങിയ പ്രകടനമാണ് ആദ്യ പകുതിയിൽ കാണാനായത്. ബോൾ പൊസിഷനിലും മുന്നേറ്റങ്ങളിലും ഒഡീഷയുടെ ആധിപത്യമായിരുന്നു. റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന്‍റെ വലംകാലന്‍ ഷോട്ട് ഗോള്‍ബാറില്‍ തട്ടിത്തെറിച്ചത് കേരളത്തിന് ആശ്വാസമായി. കോർണറിൽ നിന്ന് നന്ദകുമാര്‍ ശേഖറുടെ ഹെഡര്‍ ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.
ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്‌തമായി രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഉണർന്നുകളിച്ചു. മികച്ച രണ്ട് മുന്നേറ്റങ്ങളുമായി സഹൽ മുന്നിൽ നിന്നും പടനയിച്ചു. പിന്നാലെ തുടരാക്രമണങ്ങളുമായി മത്സരത്തിന്‍റെ നിയന്ത്രണം സ്വന്തം വരുതിയിലാക്കിയ മഞ്ഞപ്പട ഒഡീഷൻ ഗോൾമുഖം വിറപ്പിച്ചു. 79-ാം മിനിറ്റില്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങിന്‍റെ കാലിൽ പന്ത് വഴുതി പോയെങ്കിലും അത് മുതലാക്കാന്‍ സഹലിന് സാധിച്ചില്ല. പിന്നാലെ ഫ്രീകിക്കിൽ നിന്നും ലൂണ ഒരുക്കിയ അവസരത്തിൽ നിന്നും ജെസലിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു. റീബൗണ്ടിൽ നിന്നും ലെസ്‌കോവിച്ചിന് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
പിന്നീട് നിശ്ചിത സമയത്തിന് നാല് മിനിട്ട് ശേഷിക്കെയാണ് കേരളത്തിന്‍റെ വിജയഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ബ്രൈസ് മിറാൻഡയുടെ പാസിൽ നിന്ന് സന്ദീപ് സിങ്ങാണ് ലക്ഷ്യം കണ്ടത്. മിറാന്‍ഡയുടെ ക്രോസ് തടയുന്നതില്‍ ഗോൾകീപ്പർ അമരീന്ദറിന് പിഴച്ചതോടെ കിട്ടിയ പന്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് ഹെഡറിലൂടെ കുത്തിയിട്ട സന്ദീപ് മഞ്ഞപ്പടയുടെ വിജയമുറപ്പിച്ചു.