തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) ഒഡീഷ എഫ്‌സി ക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി വീണ്ടും പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. നിഷു കുമാറും, ഹർമൻജോത് ഖാബ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്.
ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. തോൽവി അറിയാതെ 10-ാം മത്സരമാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കുന്നത്. അതേസമയം തോൽവിയോടെ ഒഡീഷ എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റാണ് ടീം നേടിയത്.
മത്സരത്തിന്‍റെ ആദ്യ മിനിട്ടുമുതൽ ആക്രമിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. 19-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിനും 26-ാം മിനിട്ടിൽ ഒഡീഷക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. തുടർന്നും ബ്ലാസ്റ്റേഴ്‌സ് ഒഡീഷ ഗോൾ മുഖത്തേക്ക് നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു.
ഒടുവിൽ 28-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ പരിശ്രമങ്ങൾക്ക് ഫലം കണ്ടു. പ്രതിരോധ താരം നിഷു കുമാറാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്. അഡ്രിയാൻ ലൂണയുടെ പാസ് സ്വീകരിച്ച താരം മനോഹരമായൊരു ഷോട്ടിലൂടെ ഗോൾ നേടുകയായിരുന്നു.
ALSO READ:കൊവിഡ് വില്ലനായി; ഏകദിന പരമ്പരയിൽ നിന്ന് വാഷിങ്ടണ്‍ സുന്ദർ പുറത്ത്, പകരക്കാരനായി ജയന്ത് യാദവ്
അധികം വൈകാതെ രണ്ടാം ഗോളും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. 40-ാം മിനിട്ടിൽ പ്രതിരോധ താരം ഹർമൻജോത് ഖാബ്രയാണ് ഗോൾ നേടിയത്. അഡ്രിയാൻ ലൂണയുടെ ഫ്രീക്കിക്കിനെ മികച്ചൊരു ഹെഡറിലുടെ താരം ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ആദ്യ പകുതി രണ്ട് ഗോളിന്‍റെ ലീഡുമായി ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ആക്രമണത്തിന്‍റെ ശക്തി കുറച്ച് പ്രതിരോധത്തിലൂന്നിയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഇതിനിടയിലും ഒട്ടനവധി ഗോൾ അവസരങ്ങൾ സൃഷ്‌ടിച്ചുവെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഒഡീഷ മറുപടി ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ മറികടക്കാനായില്ല.