എറണാകുളം : ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ജയം. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി അഡ്രിയാൻ ലൂണ, കെപി രാഹുൽ എന്നിവരാണ് ഗോളുകൾ നേടിയത്. അബ്ദെനാസര്‍ എല്‍ ഖയാതിയായിരുന്നു ചെന്നൈയിനായി ഗോൾ നേടിയത്. ജയത്തോടെ മൂന്നാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിച്ചു.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്‌സിനായിരുന്നു മുൻതൂക്കം. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്‍റെ രണ്ടാം മിനിട്ടിൽ ആദ്യ ഗോൾ നേടി ചെന്നൈയിൻ കൊച്ചിയിലെ മഞ്ഞക്കടലിനെ നിശബ്‌ദമാക്കി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം വിക്‌ടർ മോംഗിലിന്‍റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഈ അവസരം മനോഹരമായി ഉപയോഗിച്ച അബ്‌ദെനാസർ എൽ ഖയാത്തി പന്ത് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു.
ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് ഉണർന്നുകളിക്കാൻ തുടങ്ങി. ഇതിനിടെ 12-ാം മിനിട്ടിൽ രാഹുലിന്‍റെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. കൊച്ചിയിലെ മഞ്ഞപ്പട തലയിൽ കൈവച്ച നിമിഷങ്ങൾ. 20-ാം മിനിട്ടിൽ നിഷു കുമാറിലൂടെയുള്ള മറ്റൊരു ഗോൾ ശ്രമവും ഗോൾ കീപ്പർ സമിക് മിത്ര തട്ടിയകറ്റി. എന്നാൽ 38-ാം മിനിട്ടിൽ ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി.
സഹലിന്‍റെ കാലിൽ നിന്ന് പന്ത് കൊത്തിയെടുത്ത ലൂണ മനോഹരമായൊരു മഴവിൽ ഗോളിലൂടെ ചെന്നൈ ഗോൾ പോസ്റ്റ് കുലുക്കി. മത്സരം സമനിലയിൽ. ഇതിനിടെ 43-ാം മിനിട്ടിൽ ചെന്നൈയുടെ രണ്ടാം ഗോളെന്നുറച്ച വിൻസി ബരേറ്റോയുടെ ഷോട്ട് കീപ്പർ ഗിൽ മനോഹരമായി തടഞ്ഞിട്ടു. 43-ാം മിനിട്ടിൽ രാഹുലിന്‍റെ തകർപ്പൻ ലോങ് റേഞ്ചർ ചെന്നൈയിന്‍റെ ക്രോസ്ബാറിലിടിച്ച് പുറത്തേക്ക് പോയി. ഇതോടെ ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.
ആവേശമായി രണ്ടാം പകുതി : രണ്ടാം പകുതിയിൽ ചെന്നൈയിനാണ് ആക്രമിച്ച് കളിച്ചത്. ഇതിനിടെ ചെന്നൈയിൻ പ്രതിരോധത്തിൽ വീണുകിട്ടിയൊരു വിടവ് മുതലെടുത്ത് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗോളും സ്വന്തമാക്കി. 64-ാം മിനിട്ടിൽ കെ പി രാഹുലിന്‍റെ വകയായിരുന്നു ഗോൾ. ലൂണയുടെ അളന്ന് മുറിച്ചൊരു ക്രോസ് കൃത്യം എത്തിയത് രാഹുലിന്‍റെ കാലിലേക്ക്. കിട്ടിയ അവസരം പാഴാക്കാതെ അനായാസം പന്ത് വലയിലെത്തിച്ച് രാഹുൽ ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചു.
ALSO READ:ടി20 ലോകകപ്പിന് പിന്നാലെ ഡബ്ലിയുപിഎൽ മേളം; വനിത പ്രീമിയർ ലീഗിന്‍റെ ഷെഡ്യൂൾ പുറത്തുവിട്ട് ബിസിസിഐ
പിന്നാലെ ചെന്നൈയിൻ സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ഗോൾ മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. എന്നാൽ ശക്‌തമായ പ്രതിരോധ നിരയെ മറികടന്ന് ഗോൾ നേടാൻ അവർക്കായില്ല. വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 10 ജയവും ആറ് തോൽവിയും ഒരു സമനിലയുമുൾപ്പടെ 31 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മുംബൈ സിറ്റി, ഹൈദരാബാദ് എഫ്‌സി എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.