ബാംബോലിം : ഐഎസ്എല്‍ സീസണിലെ അവസാന ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആവേശ സമനില. എട്ട് ഗോള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും നാലു ഗോള്‍ വീതം നേടി. ഗോവയ്ക്കായി ഐറം കബ്രേറ ഹാട്രിക്ക് നേടി. ബ്ലാസ്റ്റേഴ്‌സ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
അടിക്കുതിരിച്ചടി കണ്ട മത്സരത്തിൽ അവസാന മിനിട്ടുകളിലെ അവിശ്വസനീയ തിരിച്ചുവരവിലാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്.
മത്സരത്തിന്‍റെ 10-ാം മിനിട്ടില്‍ പെരേര ഡയാസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. ഗോവൻ ഗോള്‍കീപ്പര്‍ ഹൃത്വിക് തിവാരിയുടെ പിഴവ് മുതലെടുത്ത് സഹൽ നൽകിയ പാസ് ഡയാസ് സ്ലൈഡ് ചെയ്‌ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 25-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ഡയസ് ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം ഗോളും നേടി. ചെഞ്ചോയെ ഹൃത്വിക് തിവാരി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഡയാസിന് പിഴച്ചില്ല. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് 2-0 ലീഡോടെ മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞു.
എന്നാല്‍ ആദ്യ പകുതി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെങ്കില്‍ രണ്ടാം പകുതിയില്‍ മൈതാനത്ത് ഗോവന്‍ ആധിപത്യമായിരുന്നു. രണ്ടാംപകുതിയില്‍ മൂന്ന് മാറ്റങ്ങളുമായി ഗോവ കളത്തിലേക്ക് തിരിച്ചുവന്നു. പകരക്കാരനായെത്തിയ ഐറം കബ്രേറയിലൂടെ 49-ാം മിനിറ്റില്‍ ഗോവ ആദ്യ ഗോള്‍ നേടി. പിന്നാലെ 63-ാം മിനിറ്റില്‍ ഗോവയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കബ്രേറ ഗില്ലിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 2-2.
ALSO READ:'യുവ തലമുറ വളരട്ടെ'; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിസിലും പങ്കെടുക്കില്ലെന്ന് മേരി കോം
79-ാം മിനിറ്റില്‍ ഒരു കിടിലന്‍ ഷോട്ടിലൂടെ ഐബാന്‍ ഡോഹ്ലിങ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം കബ്രേറ തന്‍റെ ഹാട്രിക്കും ഗോവയുടെ നാലാം ഗോളും സ്വന്തമാക്കി. ലീഡ് വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് നിരന്തരാക്രമണങ്ങളുമായി ഗോവയെ സമ്മർദത്തിലാക്കുന്ന കാഴ്‌ചയാണ് പിന്നീടുണ്ടായത്.
ചെഞ്ചോയുടെ അസിസ്റ്റില്‍ ബറെറ്റോ 88-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ മൂന്നാം ഗോള്‍ കണ്ടെത്തി. അവിടം കൊണ്ടും ഗോളടിമേളം അവസാനിച്ചില്ല. പകരക്കാരനായി കളത്തിലറങ്ങിയ വാസ്‌ക്വസ് 90-ാം മിനിട്ടില്‍ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് സമനില നേടി.