ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തൻമാരുടെ പോരാട്ടത്തിൽ ബെംഗളൂരുവിനെ തളച്ച് ഹൈദരാബാദ് എഫ്‌സി. വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദിന്‍റെ വിജയം. വിജയത്തോടെ ഒന്നാം സ്ഥാനം ഒന്നുകൂടെ ഊട്ടിയുറപ്പിച്ച് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് അടുത്തു.
മത്സരത്തിൽ പന്തടക്കത്തിലും, ഷോട്ടുകളിലും മുന്നിട്ട് നിന്നത് ബെംഗളൂരു ആണെങ്കിലും വിജയം നേടാൻ അവർക്കായില്ല. 16-ാം മിനിട്ടിൽ ജാവിയർ സിവെറിയോയിലൂടെ ഹൈദരാബാദാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. പിന്നാലെ 30-ാം മിനിട്ടിൽ ജാവോ വിക്‌ടറിലൂടെ രണ്ടാം ഗോളും നേടി ബെംഗളൂരുവിനെ ഹൈദരാബാദ് ഞെട്ടിച്ചു. ഇതോടെ ആദ്യ പകുതി രണ്ട് ഗോൾ ലീഡുമായി ഹൈദരാബാദ് അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച ബെംഗളൂരു ഒരുപാട് മികച്ച അവസരങ്ങൾ സൃഷ്‌ടിച്ചുവെങ്കിലും ഗോൾ നേടാൻ 87-ാം മിനിട്ടുവരെ കാത്തിരിക്കേണ്ടി വന്നു. സൂപ്പർ താരം സുനിൽ ഛേത്രിയാണ് ഗോൾ നേടിയത്. ഐഎസ്എല്ലിൽ ഛേത്രിയുടെ 50-ാം ഗോളായിരുന്നു ഇത്. ഇതോടെ ഐഎസ്എല്ലിൽ 50 ഗോൾ തികക്കുന്ന ആദ്യ താരമാകാനും ഛേത്രിക്ക് സാധിച്ചു.
ALSO READ:പരമ്പര തൂത്തുവാരി രോഹിത്തും സംഘവും, മൂന്നാം ഏകദിനത്തില്‍ വിൻഡീസിന് എതിരെ 96 റൺസ് ജയം
തുടർച്ചയായ ഒൻപത് മത്സരങ്ങളിലെ ബെംഗളൂരുവിന്‍റെ അപരാജിത കുതിപ്പിന് കൂടെയാണ് ഹൈദരാബാദ് മത്സരത്തിലൂടെ തടയിട്ടത്. വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് എട്ട് വിജയം ഉൾപ്പെടെ 29 പോയിന്‍റ് നേടാൻ ഹൈദരാബാദിന് സാധിച്ചു. ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു.