പനജി :ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പോയിന്‍റ് പട്ടികയിൽ 10-ാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മൽസരം.
സസ്‌പെന്‍ഷനിലായ ഹര്‍മന്‍ജോത് ഖബ്രയും മാര്‍കോ ലെസ്‌കോവിച്ചും പരിക്കേറ്റ ഹോര്‍മിപാമും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ ഇറങ്ങില്ല. അല്‍വാരോ വാസ്‌ക്വസിനൊപ്പം പെരേര ഡയാസ് മുന്നേറ്റത്തില്‍ തിരിച്ചെത്തുന്നത് കരുത്താവും.
ജംഷഡ്‌പൂരിനെതിരായ മത്സരത്തില്‍ വഴങ്ങിയ രണ്ട് പെനാല്‍റ്റികളാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ കനത്ത തോൽവിക്ക് കാരണമായത്. സീസണില്‍ ഏറ്റവും കൂടുതല്‍ സെറ്റ്പീസ് ഗോളുകൾ വഴങ്ങിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഇതുതന്നെയാവും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെ പ്രധാന ആശങ്ക. കാരണം സീസണിൽ ഏറ്റവും കൂടുതല്‍ സെറ്റ് പീസ് ഗോള്‍ നേടിയ ടീമാണ് ഈസ്റ്റ് ബംഗാള്‍. കൊല്‍ക്കത്ത നേടിയ 17 ഗോളില്‍ 12 എണ്ണവും സെറ്റ്പീസിലൂടെയാണ്.
ALSO READ:LA LIGA | ലൂക്ക് ഡി ജോങ്ങ് രക്ഷകനായി, കറ്റാലൻ ഡർബിയിൽ ബാഴ്‌സയ്ക്ക് സമനില
ഇനിയുള്ള മത്സരങ്ങളെല്ലാം കേരള ബ്ലാസ്റ്റേഴ്‌സിന് വളരെ നിര്‍ണായകമാണെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. ഈസ്റ്റ് ബംഗാളിനെതിരെ ജയം നേടിയാൽ 26 പോയിന്‍റോടെ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലിൽ തിരിച്ചെത്താം. 16 കളിയില്‍ പത്ത് പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാളിന് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും പ്ലേ ഓഫിലെത്താന്‍ സാധിക്കില്ല.