എറണാകുളം: ഇന്ത്യൻ സൂപ്പർലീഗിന്‍റെ ഒൻപതാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയം. ഇരട്ട ഗോളുമായി തിളങ്ങിയ ഇവാൻ കലിയുഷ്‌നിയാണ് ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ വിജയം സമ്മാനിച്ചത്. അഡ്രിയാൻ ലൂണ ഒരു ഗോളും നേടി.
ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് പിന്നാലെ രണ്ടാം പകുതിയിലാണ് മത്സരത്തിന്‍റെ നാല് ഗോളുകളും പിറന്നത്. ഗോൾ രഹിത സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തിൽ 72-ാം മിനിട്ടിൽ അഡ്രിയാൻ ലൂണയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. പിന്നാലെ 82-ാം മിനിട്ടിൽ ഇവാൻ കലിയുഷ്‌നി ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോൾ നേടി.
ഇതോടെ ആക്രമിച്ച് കളിച്ച ഈസ്റ്റ് ബംഗാൾ 88-ാം മിനിട്ടിൽ അലക്‌സ് ലിമയിലൂടെ ആദ്യ ഗോൾ നേടി. എന്നാൽ ബംഗാളിന്‍റെ ആഘോഷം അവസാനിക്കുന്നതിന് മുന്നേ തന്നെ 89-ാം മിനിട്ടിൽ തകർപ്പനൊരു ഗോളുമായി ഇവാൻ കലിയുഷ്‌നി ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ചു. തുടർന്ന് പ്രതിരോധത്തിലൂന്നി ഗോൾ വഴങ്ങാതെ മുന്നോട്ട് പോയ ബ്ലാസ്റ്റേഴ്‌സ് അനായാസം ജയം പിടിച്ചെടുക്കുകയായിരുന്നു.
ആദ്യ പകുതി ഗോൾ രഹിതം: ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഒട്ടനവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. പാസുകളിലും ഷോർട്ട് ഓണ്‍ ടാർഗറ്റിലും ഈസ്റ്റ് ബംഗാളിനെക്കാൾ വളരെ മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇരുടീമുകൾക്കും മൂന്ന് കോർണറുകൾ വീതം ലഭിച്ചെങ്കിലും അവയും ഗോളാക്കി മാറ്റാനായിരുന്നില്ല.
ബ്ലാസ്റ്റേഴ്‌സ് താരം ഡയമെന്‍റെകോസിനെ ഈസ്റ്റ് ബംഗാളിന്‍റെ ഇവാൻ ഗോൺസാലസ് വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാൾ താരങ്ങളുമായി ജീക്‌സൻ തർക്കിച്ചതിനെ തുടർന്ന് മത്സരം ഏതാനും നേരം നിർത്തിവച്ചു. താരങ്ങള്‍ തമ്മിൽ ഉന്തും തള്ളുമുണ്ടായി. റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മത്സരത്തിന്‍റെ അവസാന മിനിട്ടുകളിലും ബ്ലാസ്റ്റേഴ്‌സിന്‍റെ കെപി രാഹുലും ബംഗാളിന്‍റെ ജെറിയും തമ്മിൽ കയ്യാങ്കളി നടന്നിരുന്നു.