പനാജി :ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയില്‍ തിരികെയെത്തി. ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്. ഈസ്റ്റ് ബംഗാളിന് എതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ വിജയമാണിത്. ഈ ജയത്തോടെ ടോപ് ഫോറിലേക്ക് തിരികെയെത്താൻ ടീമിനായി.
25-ാം മിനിട്ടിൽ കോർണറിൽ നിന്ന് ജീക്‌സന്‍റെ ഹെഡർ നേരെ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറുടെ കൈയിലൊതുങ്ങി.ഇതിനുപിന്നാലെ 28-ാം മിനിട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വലതുവിങ്ങിൽ നിന്ന് വന്ന ഒരു അറ്റാക്ക് സഹലിൽ എത്തി എങ്കിലും താരത്തിന്‍റെ ഷോട്ട് പുറത്തേക്ക് പോയി.
മത്സരത്തിന്‍റെ 49-ാം മിനിട്ടിൽ എനെസ് സിപോവിച്ചിലൂടെബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. മൈതാന മധ്യത്തിൽ നിന്ന് പെരേര ഡയസ് തുടങ്ങിയ മുന്നേറ്റം ബ്ലാസ്റ്റേഴ്‌സിനനുകൂലമായ കോർണറിൽ കലാശിച്ചു. പ്യൂട്ടിയയുടെ കോർണറിൽ സിപോവിച്ചിന്‍റെ ഹെഡർ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറെ മറികടന്ന് വലയിലെത്തി.
ALSO READ:ISL | ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ; ഗോൾരഹിതമായി ആദ്യ പകുതി
70-ാം മിനിട്ടിൽ അന്‍റോണിയോ പെരിസെവിച്ചിന്‍റെ മനോഹരമായ വോളിയിലൂടെ ഈസ്‌റ്റ് ബംഗാളിനെ മുന്നിലെത്തിക്കാനുള്ള ശ്രമം കേരള ഗോൾകീപ്പർ ശുഭ്‌മാൻ ഗിൽ രക്ഷപ്പെടുത്തി. റഫീക്ക്, അമർജിത് സിംഗ്, ലാൽറിൻലിയാന ഹ്നാംതെ എന്നിവർക്ക് പകരമായി നാഒറാം മഹേഷ്, അംഗൗസന, സൗരവ് ദാസ് എന്നിവരെ കളത്തിലിറക്കി ഈസ്‌റ്റ് ബംഗാൾ.
80-ാം മിനിട്ടിൽ ഈസ്‌റ്റ് ബംഗാളിന് മത്സരത്തിലെ ഏറ്റവും മികച്ച അവസരമാണ് ലഭിച്ചത്. അന്‍റോണിയോ പെരിസെവിച്ചിന്‍റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കയറിയ ഫ്രാൻ സോട്ടയുടെ ഷോട്ട് പുറത്തേക്ക് പോയത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി.
15 മത്സരങ്ങളിൽ 26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. 29 പോയിന്‍റുമായി ഒന്നാമതുള്ള ഹൈദരാബാദിനേക്കാൾ ഒരു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഈസ്റ്റ് ബംഗാൾ ഇപ്പോഴും പത്താം സ്ഥാനത്താണ്.