കൊച്ചി: ഐഎസ്എല്‍ ഒമ്പതാം സീസണിലെ ഉദ്‌ഘാടന മത്സത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ് ബംഗാളും പോരടിക്കുമ്പോള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മഞ്ഞക്കടലായിരുന്നു. ആദ്യ പകുതിയില്‍ ഗോളൊഴിഞ്ഞ് നിന്നെങ്കിലും മഞ്ഞപ്പടയുടെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. മത്സരത്തിന്‍റെ 72ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി അഡ്രിയാന്‍ ലൂണ വലകുലുക്കുമ്പോള്‍ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്‌തു.
സീസണിലെ ആദ്യ ഗോള്‍ അതും വിശ്വസ്‌തനായ ലൂണയുടെ കാലുകളില്‍ നിന്നും. ഹര്‍മന്‍ജ്യോത് ഖബ്രയുടെ ഓവര്‍ ഹെഡ് പാസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഫിനിഷിങ്ങാണ് ലൂണ നടത്തിയത്. എന്നാല്‍ പതിവ് ഗോള്‍ ആഘോഷത്തിന് പകരം മൈതാനത്ത് വിതുമ്പുന്ന ലൂണയെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ആറു വയസുകാരി മകള്‍ ജൂലിയേറ്റയെ ഓര്‍ക്കുന്ന പിതാവായിരുന്നുവത്. ഇതിനിടെ കൈയില്‍ പച്ചകുത്തിയിട്ടുള്ള ജൂലിയേറ്റയുടെ ചിത്രത്തിന് നേരെ വിരല്‍ചൂണ്ടിയ താരം ആ ഗോള്‍ മകള്‍ക്കായി സമര്‍പ്പിക്കയും ചെയ്‌തിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗബാധിതയായി മരിച്ചത്.