റാബറ്റ്: ഖത്തര്‍ ലോകകപ്പിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിന് മൊറോക്കോയ്‌ക്ക് മുന്നില്‍ അടിപതറി. അന്താഷ്‌ട്ര സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകകപ്പ് സെമി ഫൈനലിസുറ്റുകളായ മൊറോക്കോ കാനറികളെ തോല്‍പ്പിച്ചത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെ മൊറോക്കോ നേടുന്ന ആദ്യ വിജയമാണിത്.
സുഫ്‌യാൻ ബൂഫൽ, അബ്‌ദുൽ ഹമീദ് സബീരി എന്നിവരാണ് ആഫ്രിക്കന്‍ സംഘത്തിനായി ഗോളടിച്ചത്. ക്യാപ്‌റ്റന്‍ കാസമിറോയാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ടിറ്റെയുടെ പടിയിറക്കത്തിന് ശേഷം താത്‌കാലിക പരിശീലകന്‍ റാമോൺ മെനെസെസിന് കീഴിലിറങ്ങിയ ബ്രസീല്‍ നിരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.
റോണി, ആന്ദ്രേ സാന്‍റോസ് എന്നിവര്‍ സംഘത്തിനായി അരങ്ങേറ്റം നടത്തി. മറുവശത്ത് ലോകകപ്പിലെ കുതിപ്പില്‍ നിര്‍ണായകമായ മിക്ക താരങ്ങളെയും വലീദ് റഗ്‌റാഗി കളത്തിലെത്തിച്ചിരുന്നു. സ്വന്തം തട്ടകമായ ഇബ്ൻ ബത്തൂത്ത സ്‌റ്റേഡിയത്തിൽ ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിന് നടുവില്‍ ലോകകപ്പിലെ സമാന പ്രകടനമായിരുന്നു മൊറോക്കോ ആവര്‍ത്തിച്ചത്.
ബ്രസീലിന്‍റെ ആക്രമണങ്ങളെ പ്രതിരോധിച്ച സംഘം പ്രത്യാക്രമണങ്ങളുമായി എതിര്‍ ഗോള്‍ മുഖത്തേക്ക് നിരന്തരം ഇരച്ച് കയറി. മത്സരത്തിന്‍റെ തുടക്കത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കാനറികള്‍ക്ക് കഴിഞ്ഞിരുന്നില്ല. 11-ാം മിനിറ്റിൽ മൊറോക്കന്‍ ബോക്‌സില്‍ ലഭിച്ച സുവര്‍ണാവസരം അരങ്ങേറ്റക്കാരന്‍ റോണി നഷ്‌ടപ്പെടുത്തി. 24-ാം മിനിറ്റിലും മുന്നിലെത്താന്‍ സംഘത്തിന് അവസരം ലഭിച്ചുവെങ്കിലും മിഡ്‌ഫീല്‍ഡര്‍ സൂഫ്‌യന്‍ അംറാബത്തും ഗോൾകീപ്പർ ബോനോയും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഗോളകന്നു നിന്നു.
പിന്നാലെ സ്വന്തം പകുതിയില്‍ നിന്നും അലക്‌സ് ടെല്ലസ് നീട്ടിനൽകിയ പാസില്‍ വിനീഷ്യസ് ജൂനിയര്‍ പന്തു വലയിലെത്തിച്ചിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ താരം ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ റഫറി ഗോള്‍ നിഷേധിച്ചു. എന്നാല്‍ 29-ാം മിനിറ്റില്‍ സുഫ്‌യാൻ ബൂഫലിന്‍റെ ഗോളിലൂടെ ആതിഥേയര്‍ മുന്നിലെത്തി. ബോക്‌സിനുള്ളില്‍ നിന്നും ബിലാൽ എൽ ഖന്നൂസ് നല്‍കിയ പാസിലാണ് ബൂഫൽ ബ്രസീല്‍ ഗോള്‍ കീപ്പര്‍ വെവർട്ടനെ കീഴടക്കിയത്.
മുന്നിലെത്തിയതോടെ മൊറോക്കന്‍ സംഘം പ്രത്യാക്രമണങ്ങള്‍ക്ക് വേഗം കൂട്ടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ തിരിച്ചടിയായി. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും ആതിഥേയര്‍ക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയില്‍ 67-ാം മിനിറ്റില്‍ ബ്രസീല്‍ ഒപ്പമെത്തി. ലൂകാസ് പാക്വേറ്റയുടെ പാസില്‍ ബോക്‌സിന് പുറത്തുനിന്നും കസമിറോ തൊടുത്ത ഷോട്ട് തടയുന്നതില്‍ ബോനോയ്‌ക്ക് പിഴയ്‌ക്കുകയായിരുന്നു. കസമിറോയുടെ ഏഴാം അന്താരാഷ്‌ട്ര ഗോളാണിത്. ഒടുവില്‍ 78-ാം മിനിറ്റിലാണ് അബ്‌ദുൽ ഹമീദ് സബീരിയിലൂടെ അതിഥേയര്‍ വിജയം ഉറപ്പിച്ചത്.
അതേസമയം ബ്രസീലിന്‍റെ ചിരവൈരികളായ അര്‍ജന്‍റീന ഖത്തര്‍ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. പാനമയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന ജയിച്ച് കയറിയത്. തിയാഗോ അല്‍മാഡ, ക്യാപ്റ്റന്‍ ലയണല്‍ മെസി എന്നിവരാണ് ആൽബിസെലെസ്‌റ്റെകള്‍ക്കായി ഗോളടിച്ചത്. മത്സര ശേഷം തങ്ങളുടെ ലോകകപ്പ് വിജയം സ്വന്തം കാണികള്‍ക്ക് മുന്നില്‍ അര്‍ജന്‍റീന വലിയ ആഘോഷമാക്കുകയും ചെയ്‌തിരുന്നു.
ALSO READ:'മെസിയെക്കുറിച്ച് എഴുതൂല, ഞാൻ നെയ്‌മര്‍ ഫാന്‍' ; കട്ട ആരാധികയുടെ ഉത്തരം വൈറല്‍