മയാമി :അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസിയുടെ (Lionel Messi) വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് മേജര്‍ ലീഗ് സോക്കര്‍ (Major League Soccer - MLS) ക്ലബ് ഇന്‍റര്‍ മയാമി (Inter Miami). പത്താം നമ്പര്‍ ജഴ്‌സിയില്‍ മെസിയുടെ വീഡിയോയും ക്ലബ് പുറത്തുവിട്ടു. ഫ്രഞ്ച് ക്ലബ് പിഎസ്‌ജി (PSG) വിട്ടെത്തുന്ന മെസിയുമായി 2025 വരെയാണ് ഇന്‍റര്‍ മയാമിക്ക് കരാര്‍. അടുത്ത ആഴ്‌ചയില്‍ അര്‍ജന്‍റൈന്‍ നായകന്‍ മേജര്‍ ലീഗ് സോക്കറില്‍ അരങ്ങേറ്റം നടത്തുന്നതിന് മുന്‍പായാണ് ടീമിന്‍റെ പ്രഖ്യാപനം.
പിഎസ്‌ജി വിട്ട ലയണല്‍ മെസി ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറുമെന്ന് നേരത്തേതന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍, ക്ലബ്ബും താരവുമായുള്ള കരാര്‍ സംബന്ധിച്ച കാര്യങ്ങളിലാണ് ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. പ്രതിവർഷം ഏകദേശം 60 മില്യൺ ഡോളർ (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള തുകയ്‌ക്ക് രണ്ടര വർഷത്തെ കരാറിലാണ് താരം ക്ലബ്ബുമായി ഒപ്പുവച്ചിരിക്കുന്നത്.
മേജര്‍ ലീഗ് സോക്കര്‍ ചരിത്രത്തിലെ തന്നെ ഏക്കാലത്തേയും വലിയ ട്രാന്‍സ്‌ഫറുകളിലൊന്നാണിത്. ഇന്‍റര്‍ മിയാമി തങ്ങളുടെ ആരാധകരോട് ഇന്ന് (ജൂലൈ 16) ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിലേക്ക് എത്താന്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയെ ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന ചടങ്ങാണിതെന്നാണ് കരുതപ്പെടുന്നത്.
ജൂലൈ 21ന് മെക്‌സിക്കന്‍ ക്ലബ് ക്രൂസ് അസുലിനെതിരെ (Cruz Azul) നടക്കുന്ന ലീഗ് കപ്പ് മത്സരത്തിലൂടെയാകും ലയണല്‍ മെസി ഇന്‍റര്‍ മയാമിയുടെ പത്താം നമ്പര്‍ പിങ്ക് ജഴ്‌സിയില്‍ കളത്തിലിറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സിലെ അവസാന സ്ഥാനക്കാരാണ് ഇന്‍റര്‍ മയാമി. ലീഗില്‍ ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ 5 ജയം മാത്രമാണ് അവര്‍ക്ക് നേടാനായിട്ടുള്ളത്.