ന്യൂഡല്‍ഹി:റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഉത്കണ്ഠ അറിയിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്‍റ് പിടി ഉഷ. ആരോപണങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണ്. രാജ്യത്തെ വനിത കായികതാരങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഐഒഎ പ്രസിഡന്‍റ് പ്രസ്‌താവനയില്‍ പറഞ്ഞു.
"അത്‌ലറ്റുകളുടെ ക്ഷേമത്തിനാണ് ഐഒഎ ഏറ്റവും മുൻഗണന നല്‍കുന്നത്. കായികതാരങ്ങൾ മുന്നോട്ട് വന്ന് തങ്ങളുടെ ആശങ്കകൾ പറയാൻ ഞങ്ങൾ അഭ്യർഥിക്കുന്നു. നീതി ഉറപ്പാക്കാൻ ശരിയായ അന്വേഷണം ഉറപ്പാക്കും.
ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം സാഹചര്യങ്ങൾ നേരിടാനും വേഗത്തിലുള്ള നടപടികള്‍ ഉറപ്പാക്കാനും പ്രത്യേക സമിതി രൂപീകരിക്കാനും ഐഒഎ തീരുമാനിച്ചിട്ടുണ്ട്", പിടി ഉഷ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റിന്‍റെയും പരിശീലകരുടെയും ലൈംഗിക ചൂഷണത്തിനും ഭീഷണിപ്പെടുത്തലിനും എതിരെ ജന്തർ മന്ദറിൽ കഴിഞ്ഞ രണ്ട് ദിവസമായി റസ്‌ലിങ് താരങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഒളിമ്പിക്‌സ് മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് സമരം നടത്തുന്നത്. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പുറത്താക്കി ഫെഡറേഷന്‍ പിരിച്ചുവിടണമെന്നാണ് താരങ്ങളുടെ ആവശ്യം.
വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അത്‌ലറ്റുകളുടെ പ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കായിക വകുപ്പ് സെക്രട്ടറി സുജാത ചതുര്‍വേദി, സായ് ഡയറക്‌ടര്‍ ജനറല്‍ സന്ദീപ് പ്രധാന്‍, സ്‍പോര്‍ട്‌സ് ജോയിന്‍റ് സെക്രട്ടറി കുനാല്‍ എന്നിവരുമായാണ് താരങ്ങള്‍ വിഷയങ്ങള്‍ സംസാരിച്ചത്. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്‌ചയില്‍ അത്‌ലറ്റുകളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.
വിഷയത്തില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചിട്ടുണ്ട്. അത്‌ലറ്റുകളുടെ പരാതി ഗൗരവതരമാണെന്നും താരങ്ങളുടെ താത്പര്യ പ്രകാരം വിഷയത്തില്‍ നടപടി കൈക്കൊള്ളും. അത്‌ലറ്റുകളെ നേരില്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ബ്രിജ് ഭൂഷൺ ശരൺ സിങിന്‍റെ വിശദീകരണം.
ALSO READ:ലൈംഗിക ആരോപണ പരാതി; ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷൺ രാജി വച്ചേക്കും