ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ റിലേ ടീമിന്‍റെ ഫൈനല്‍ ഇന്ന് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രനേട്ടവുമായി ഇന്ത്യന്‍ റിലേ ടീം
4x 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്തി. ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിനൊപ്പം, ടോക്കിയോ ഒളിംപിക്‌സിനും യോഗ്യത നേടിയതോടെ വിജയം ഇന്ത്യയ്‌ക്ക് അതിമധുരമുള്ളതായി. ഫൈനല്‍ ഇന്ന് വൈകിട്ട്
ദോഹ: ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അത്ഭുതനേട്ടവുമായി ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലില്‍. 4 X 400 മീറ്റര്‍ റിലേയുടെ ഹീറ്റ്‌സില്‍ 3 മിനുട്ട് 16.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് ഇന്ത്യന്‍ ടീം ഫൈനലിലേക്ക് യോഗ്യത നേടിയത്. പോളണ്ടിനും ബ്രസീലിനും പിന്നില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്‌തത്. ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിനൊപ്പം, ടോക്കിയോ ഒളിംപിക്‌സിനും യോഗ്യത നേടിയതോടെ വിജയം ഇന്ത്യയ്‌ക്ക് അതിമധുരമുള്ളതായി.
സീസണിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സമയമാണ് ടീം ദോഹയില്‍ കുറിച്ചത്. ഇന്ന് വൈകിട്ടാണ് ഫൈനല്‍ മത്സരം. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, ജിസ്‌ന മാത്യു, വിസ്‌മയ, നോഹ നിര്‍മല്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കായി മല്‍സരത്തിനിറങ്ങിയത്. മുഹമ്മദ് അനസാണ് ഇന്ത്യക്കായി ആദ്യ ലാപ്പില്‍ ഓടിയത്. രണ്ടാം ലാപ്പില്‍ ഓടിയ വിസ്മയയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നേടിക്കൊടുത്തത്. മൂന്നാം ലാപ്പോടിയ ജിസ്ന മാത്യുവും അവസാന ലാപ്പോടിയെ നിര്‍മല്‍ നോഹയും തമ്മില്‍ ബാറ്റണ്‍ കൈമാറുന്നതില്‍ നേരിയ ആശയക്കുഴപ്പമുണ്ടായെങ്കിലും ഇന്ത്യയെ മൂന്നാമതെത്തിക്കാന്‍ നിർമലിനായി.