ന്യൂഡല്‍ഹി: ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോർ സ്റ്റിമാകിന്‍റെ (Igor Stimac ) കീഴില്‍ വളര്‍ച്ചയുടെ പാതയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം (Indian football team). അടുത്തിടെ ഫിഫ ലോക റാങ്കിങ്ങില്‍ മുന്നിലുള്ള ടീമുകളെ ഉള്‍പ്പെടെ തോല്‍പ്പിച്ചുകൊണ്ട് ഇന്‍റർകോണ്ടിനെന്‍റൽ കപ്പും സാഫ് ചാമ്പ്യൻഷിപ്പും സ്റ്റിമാകിന്‍റെ കീഴിലായിരുന്നു ഇന്ത്യ നേടിയിരുന്നത്. എന്നാല്‍ ഇഗോർ സ്റ്റിമാകിനെ സംബന്ധിച്ച് ഏറെ ഗൗരവകരമായ ഒരു ആരോപണം പുറത്ത് വന്നിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാളിഫയറില്‍ (Asian Cup qualifiers) അഫ്‌ഗാനിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിനുള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീമിനെ ഒരു ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരമാണ് ഇഗോർ സ്റ്റിമാക് തിരഞ്ഞെടുത്തതെന്ന റിപ്പോര്‍ട്ടാണിത്. (coach Igor Stimac picked Indian football team on astrologer's advice). ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
മത്സരത്തിന് മുന്നോടിയായി കളിക്കാരുടെ സാധ്യത ഇലവന്‍ സ്റ്റിമാക് ജ്യോതിഷിയ്‌ക്ക് അയച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഫ്‌ഗാനിസ്ഥാനെതിരെ ജൂണ്‍ 11-ന് മത്സരം നടക്കാനിരിക്കെ ഒമ്പതാം തീയതിയായിരുന്നു ക്രൊയേഷ്യന്‍ പരിശീലകന്‍ കളിക്കാരുടെ പട്ടിക ജ്യോതിഷിയ്‌ക്ക് കൈമാറിയത്.
ഒരോ താരങ്ങള്‍ക്കും നേരെ 'നല്ലത്', 'മികച്ച പ്രകടനം നടത്താന്‍ കഴിയും', 'അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടത് ആവശ്യമാണ്', 'ശരാശരിയിൽ താഴെയുള്ള ദിവസം', 'വളരെ നല്ല ദിവസം, പക്ഷേ ആക്രമണോത്സുകതയെ മറി കടക്കേണ്ടതുണ്ട്, 'പ്രസ്‌തുത ദിവസത്തേക്ക് ശുപാർശ ചെയ്യുന്നില്ല' എന്ന് എഴുതിക്കൊണ്ട് പട്ടിക തിരികെ അയച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.