സിംഗപ്പൂർ : സിംഗപ്പൂർ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് 16-ാം റൗണ്ടിൽ ചൈനീസ് തായ്‌പേയിയുടെ ചിയാ ഹാവോ ലീയോട് പരാജയപ്പെട്ടതോടെയാണ് ടൂർണമെന്‍റിൽ ഇന്ത്യയുടെ പോരാട്ടത്തിന് തിരശ്ശീല വീണത്. വാശിയേറിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ശ്രീകാന്തിന്‍റെ തോൽവി.
പുരുഷ സിംഗിൾസിൽ ലോക 23-ാം നമ്പർ താരമായ കിഡംബി ശ്രീകാന്ത് 42-ാം നമ്പർ താരമായ ചിയാ ഹാവോ ലീയോട് ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. വെറും 49 മിനിട്ടുകൾ മാത്രം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ശ്രീകാന്തിനെ ലീ അടിയറവ് പറയിച്ചത്. സ്‌കോർ 21-15, 21-19. ആദ്യ ഗെയിമിൽ ഏകപക്ഷീയമായ ജയമാണ് തായ്‌പേ താരം സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ ശ്രീകാന്ത് പൊരുതി നിന്നെങ്കിലും വിജയം നേടാനായില്ല.
ആദ്യ റൗണ്ടില്‍ തായ്‌ലൻഡിന്‍റെ കാന്‍റഫോണ്‍ വാങ്ചറോവനെ കീഴടക്കിയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തിയത്. അതേസമയം മറ്റൊരു ഇന്ത്യൻ താരമായ പ്രിയാൻഷു രജാവത്ത് രണ്ടാം റൗണ്ടിലെത്തിയെങ്കിലും പരാജയപ്പെട്ടു. മൂന്നാം സീഡ് ജപ്പാന്‍റെ കൊഡായ് നെരോക്കയാണ് പ്രിയാൻഷുവിനെ തകർത്തത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു നെരോക്ക രജാവത്തിനെ പരാജയപ്പെടുത്തിയത്. സ്‌കോർ 21-17, 21-16.
പുരുഷ ഡബിൾസിലും തോൽവി : പുരുഷ ഡബിൾസ് 16-ാം റൗണ്ടിൽ ഇന്ത്യയുടെ എംആർ അർജുൻ - ധ്രുവ് കപില സഖ്യം പരാജയപ്പെട്ട് പുറത്തായി. ഗ്രേറ്റ് ബ്രിട്ടന്റെ ബെൻ ലെയ്ൻ - ഷോൺ വെൻഡി സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. സ്‌കോർ 21-15, 21-19.
പോരാട്ടമില്ലാതെ ഇന്ത്യൻ താരങ്ങൾ: ഇത്തവണത്തെ സിംഗപ്പൂർ ഓപ്പണിൽ നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യൻ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ത്യൻ പ്രതീക്ഷകളായിരുന്ന എച്ച്എസ് പ്രണോയ്, ലക്ഷ്യ സെൻ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ പിവി സിന്ധു, സൈന നെഹ്‌വാൾ എന്നിവർ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു. പുരുഷ ഡബിൾസിലെ ഇന്ത്യൻ ശക്‌തികളായ ചിരാഗ് ഷെട്ടി - സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡിയും ആദ്യ റൗണ്ടിൽ തന്നെ ജപ്പാൻ സഖ്യത്തോട് തോറ്റ് മടങ്ങിയിരുന്നു.
മലേഷ്യ മാസ്റ്റേഴ്‌സിലൂടെ തന്‍റെ കന്നി ബിഡബ്ല്യുഎഫ് കിരീടം നേടിയതിന്‍റെ ആത്മവിശ്വസത്തില്‍ സിംഗപ്പൂർ ഓപ്പണിലേക്കെത്തിയ മലയാളി താരം എച്ച്എസ് പ്രണോയിയെ ജപ്പാന്‍റെ യങ് നരോക്കയാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് മൂന്നാം സീഡായ ജാപ്പനീസ് താരം പ്രണോയിക്കെതിരെ വിജയം നേടിയത്. സ്‌കോര്‍: 15-21, 19-21.
ഞെട്ടിക്കുന്ന തോൽവിയുമായി സിന്ധു : കഴിഞ്ഞ തവണ സിംഗപ്പുര്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം നേടിയ സിന്ധു ഇത്തവണ ജപ്പാന്‍റെ അകാനെ യമാഗുച്ചിയോടാണ് തോൽവി വഴങ്ങിയത്. ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ജപ്പാൻ താരത്തിന്‍റെ വിജയം. ആദ്യ സെറ്റ് സിന്ധു സ്വന്തമാക്കിയെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകൾ ജപ്പാൻ താരം പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: 21-18, 19-21, 17-21.