കേരളം

kerala

ETV Bharat / sports

സാഫ് കപ്പ് : ഇന്ത്യന്‍ മണ്ണില്‍ പാകിസ്‌ഥാനെതിരെ വീണ്ടുമൊരു പോരാട്ടം ; നേര്‍ക്കുനേരെത്തുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം - ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി എഐഎഫ്എഫ് പ്രസിഡന്‍റ് കല്യാൺ ചൗബേ

AIFF president Kalyan Chaubey  India vs Pakistan  SAFF Cup  SAFF Cup 2023  India vs Pakistan  indian football team  Pakistan football team  All India Football Federation  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ  കല്യാൺ ചൗബേ  സാഫ് കപ്പ്  ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം  പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം
സാഫ് കപ്പ്: വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം

By

Published : May 17, 2023, 9:05 PM IST

ബെംഗളൂരു : ജൂൺ 21 മുതൽ ജൂലൈ 4 വരെ ബെംഗളൂരുവിൽ നടക്കുന്ന സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ് (സാഫ് കപ്പ്) ടൂര്‍ണമെന്‍റിന്‍റെ നറുക്കെടുപ്പ് പൂര്‍ത്തിയായി. സാഫ് കപ്പിന്‍റെ 14-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എയില്‍ മത്സരിക്കും.

ഗ്രൂപ്പ് എയില്‍ ഇന്ത്യയെയും പാകിസ്ഥാനേയും കൂടാതെ കുവൈത്തും നേപ്പാളും മത്സരിക്കുന്നുണ്ട്. ലെബനന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ കളിക്കുന്നത്. ആകെ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത്.

തുടര്‍ന്ന് ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ സെമി ഫൈനലില്‍ കടക്കും. ടൂർണമെന്‍റ് കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിന്‍റെ ഭാഗമായാണ് സൗത്ത് ഏഷ്യയ്‌ക്ക് പുറത്തുള്ള ലെബനനെയും കുവൈറ്റിനെയും ക്ഷണിച്ചത്. സാഫ് കപ്പിന്‍റെ 14-ാം പതിപ്പില്‍ ഭാഗമാവുന്ന രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീം ലെബനനാണ്.

ഫിഫ റാങ്കിങ്ങില്‍ 99-ാം സ്ഥാനത്താണ് ലെബനന്‍. 101-ാം റാങ്കിലുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും താഴ്‌ന്ന റാങ്കിങ് പാകിസ്ഥാനാണ്. 195-ാം സ്ഥാനത്താണ് പാകിസ്ഥാന്‍. അതേസമയം ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഫുട്‌ബോളില്‍ നേര്‍ക്കുനേരെത്തുന്നത്.

ജൂണ്‍ 21നാണ് ഇന്ത്യയും-പാകിസ്ഥാനും തമ്മില്‍ കളിക്കുന്നത്. ഇതിന് മുന്നേ 2018 സെപ്റ്റംബറില്‍ സാഫ് കപ്പിന്‍റെ സെമിയിലായിരുന്നു ഇരു ടീമുകളും തമ്മില്‍ പോടിച്ചത്. അന്ന് പാകിസ്ഥാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഫൈനലില്‍ മാലിദ്വീപിനോട് 2-1ന് തോറ്റു.

പാക് ടീമിനെതിരെ ഇന്ത്യയ്‌ക്ക് ആധിപത്യം: നേര്‍ക്കുനേരെയുള്ള പോരാട്ടത്തില്‍ പാക് ടീമിനെതിരെ ഇന്ത്യയ്‌ക്ക് വ്യക്തമായ ആധിപത്യമാണുള്ളത്. മൊത്തത്തിൽ, ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി 20-ലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഡസനിലധികം മത്സരങ്ങള്‍ ഇന്ത്യയാണ് വിജയിച്ചത്.

സാഫ് കപ്പിന്‍റെ ചരിത്രമെടുത്താല്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് ഇന്ത്യ. ഇതേവരെ എട്ട് തവണയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. നാല് തവണ റണ്ണേഴ്‌സ് അപ്പായി. 2003-ൽ ധാക്കയിൽ നടന്ന അഞ്ചാം പതിപ്പിൽ മാത്രമാണ് ഇന്ത്യന്‍ ഫൈനല്‍ കളിക്കാതിരുന്നത്. അന്ന് ടീമിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നിരുന്നു.

പാകിസ്ഥാന്‍ വരും :ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്‍റ് കല്യാൺ ചൗബേ പറഞ്ഞു. "പാകിസ്ഥാൻ ടൂർണമെന്‍റിൽ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവരെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയത്. സൗത്ത് ഏഷ്യന്‍ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ഈ ടൂർണമെന്‍റില്‍ കളിക്കാൻ അവകാശമുണ്ട്" - കല്യാൺ ചൗബേ നറുക്കെടുപ്പിന് ശേഷം പറഞ്ഞു.

ടൂർണമെന്‍റിൽ പങ്കെടുക്കുന്നതായി പാകിസ്ഥാൻ താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഇതിനകം തന്നെ വിസയ്‌ക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ അറിയിച്ചു.

ALSO READ: തകർച്ചയിൽ നിന്ന് പ്രതാപത്തിലേക്കുള്ള മടക്കമോ ? ; സാവിയുടെ ചാണക്യ തന്ത്രങ്ങളിൽ ഉയിർത്തെഴുന്നേറ്റ് ബാഴ്‌സലോണ

അതേസമയം 1993 മുതൽ ഇതുവരെ നടന്ന സാഫ് കപ്പിന്‍റെ 13 പതിപ്പുകളില്‍ രണ്ട് ടൂർണമെന്‍റുകളിലാണ് പാകിസ്ഥാൻ കളിക്കാതിരുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2015ൽ ഇന്ത്യയിൽ നടന്ന ടൂര്‍ണമെന്‍റില്‍ ടീമിനെ അയയ്‌ക്കാന്‍ പാകിസ്ഥാൻ ഫുട്‌ബോൾ ഫെഡറേഷന് കഴിഞ്ഞിരുന്നില്ല. പിന്നീട് ഫിഫയിൽ നിന്ന് സസ്പെൻഷന്‍ ലഭിച്ചതോടെ 2021-ല്‍ മാലിദ്വീപില്‍ നടന്ന പതിപ്പും നഷ്‌ടമായി. കഴിഞ്ഞ വർഷം ജൂണിലാണ് സസ്പെൻഷൻ പിൻവലിച്ചത്.

ABOUT THE AUTHOR

...view details