ന്യൂഡല്‍ഹി: ഇന്‍റർകോണ്ടിനെന്‍റൽ കപ്പും പിന്നാലെ സാഫ് ചാമ്പ്യൻഷിപ്പും നേടിയതിന്‍റെ തിളക്കത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫ ലോക റാങ്കിങ്ങില്‍ മുന്നിലുള്ള ടീമുകളെ ഉള്‍പ്പെടെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ ടീം രണ്ട് ടൂര്‍ണമെന്‍റും വിജയിച്ചത്. എന്നാല്‍ ടീമിന്‍റെ വളര്‍ച്ചയില്‍ താന്‍ ഇപ്പോഴും സംതൃപ്തനല്ലെന്നാണ് മുഖ്യ പരിശീലകന്‍ ഇഗോർ സ്റ്റിമാക് പറയുന്നത്.
ഇന്ത്യന്‍ ഫുട്‌ബോളിന് കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നാണ് ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാക് വ്യക്തമാക്കുന്നത്. ടീമിനെ ആഗോളതലത്തിൽ മത്സരിപ്പിക്കുന്നതിനായുള്ള നടപടികൾ ഉണ്ടായാല്‍ മാത്രമേ മറ്റ് എലൈറ്റ് ടീമുകളുമായുള്ള ഇന്ത്യയുടെ വിടവ് കുറയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യയിൽ നമ്മൾ ജീവിക്കുന്നത് യഥാർഥ ലോകത്തിലല്ല.
നമ്മുടെ കാലുകള്‍ പിന്നോട്ട് വലിക്കുമ്പോഴാണ് ബാക്കിയുള്ള എതിരാളികളുമായുള്ള വിടവ് വർധിക്കുന്നത്. ഇന്ത്യയില്‍ മാത്രം കളിച്ച് സന്തോഷിക്കണോ, അതോ പുറത്ത് പോയി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ടീമുകളുമായി മത്സരിച്ച് നോക്കണോ എന്ന കാര്യത്തില്‍ നമ്മള്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടത്", ഇഗോര്‍ സ്റ്റിമാക് പറഞ്ഞു.
കളിക്കാരെ നേരത്തെ വേണം:കളിക്കാർ തമ്മില്‍ താളത്തിലെത്താൻ കൂടുതൽ സമയം എടുക്കുമെന്നതിനാല്‍ ഏതെങ്കിലും പ്രധാന മത്സരങ്ങള്‍ വരുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമല്ല ദേശീയ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുകിട്ടേണ്ടത്. മത്സരത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം കളിക്കാരെ വിട്ടു നല്‍കിയാല്‍ മതിയെന്ന ഫിഫ നിയമം ക്ലബുകള്‍ പിന്തുടരുന്നത് ഇന്ത്യയ്‌ക്ക് ഗുണം ചെയ്യില്ല.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്ക് വേണ്ടിയാണ് ആ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. നമ്മുടെ താരങ്ങള്‍ക്ക് ആ നിലയ്‌ക്ക് അടുത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്‌എല്ലിലെ മോശം ശീലങ്ങള്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്‌എല്‍) നിന്നുള്ള മോശം ശീലങ്ങൾ കളിക്കാരെ ബാധിച്ചിട്ടുണ്ടെന്നും ഇഗോർ സ്റ്റിമാക് കൂട്ടിച്ചേര്‍ത്തു. ഫൈനല്‍ തേര്‍ഡില്‍ നിന്നുള്ള താരങ്ങളുടെ തീരുമാനങ്ങള്‍ ഏറെ മോശമാണ്. പന്ത് ഷൂട്ട് ചെയ്‌ത് സ്‌കോര്‍ ചെയ്യേണ്ട സമയത്ത് അതു പാസ് ചെയ്യാനാണ് കളിക്കാര്‍ ശ്രമിക്കുന്നതെന്നും ഇഗോർ സ്റ്റിമാക് പറഞ്ഞു.
ഛേത്രി കൂടെയുണ്ടാവണം: താന്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായിരിക്കുന്നിടത്തോളം സുനില്‍ ഛേത്രി ടീമിലുണ്ടാവണമെന്നാണ് ആഗ്രഹമെന്നും ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. "ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം അവൻ ദേശീയ ടീമിൽ കളിക്കണമെന്നാണ് എന്‍റെ ആഗ്രഹം. സുനിൽ ഛേത്രി എപ്പോൾ വിരമിക്കുമെന്ന് ചോദിക്കുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, അവനെ കളിപ്പിക്കുന്നതിനായി സാധ്യമായതെല്ലാം ഞാന്‍ ചെയ്യും.
ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന ആദ്യ ദിവസം തൊട്ട് അവന്‍റെ പ്രായത്തെക്കുറിച്ച് കേള്‍ക്കുന്നുണ്ട്. എന്നാൽ അവന്‍റെ ഫിറ്റ്നസ്, പ്രതിബദ്ധത, അഭിനിവേശം, വിജയിക്കാനുള്ള ത്വര, നേതൃപാടവം എന്നിവയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് സുനില്‍ ഛേത്രി. അവന്‍റെ റെക്കോഡുകളാണ് അതിന് സാക്ഷ്യം പറയുന്നത്"- ഇഗോർ സ്റ്റിമാക് പറഞ്ഞു നിര്‍ത്തി.
ALSO READ:'മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സ്ഥാനം ഹൃദയത്തില്‍, ഇത് പുതിയ വെല്ലുവിളികളുടെ സമയം'; ഇംഗ്ലീഷ് ക്ലബ് വിട്ട് ഡേവിഡ് ഡി ഗിയ