പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കി പോളണ്ടിന്‍റെ ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്ക്. ഫൈനലിൽ അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇഗ ഷ്വാംടെക്ക് പരാജയപ്പെടുത്തിയത്. സ്‌കോർ: 6-1, 6-3.ഇഗയുടെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടമാണിത്.
ഫ്രഞ്ച് ഓപ്പണ്‍ : വനിത കിരീടത്തിൽ മുത്തമിട്ട് ഇഗ ഷ്വാംടെക്ക് - Iga Swiatek
അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇഗ പരാജയപ്പെടുത്തിയത്
സിംഗിൾസിൽ തുടർച്ചയായ 35-ാം വിജയമാണ് ഇഗ സ്വന്തമാക്കിയത്. ഇതോടെ 2000ൽ തുടർച്ചയായി 35 വിജയങ്ങൾ നേടിയ വീനസ് വില്യംസിന്‍റെ നേട്ടത്തിനൊപ്പം ഇഗയെത്തി. 18 കാരിയായ ഗൗഫിനെ തകർത്തെറിയുന്ന പ്രകടനമാണ് ഇഗ കലാശപ്പോരിൽ പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ പോലും എതിരാളിയെ മുന്നേറാൻ ഇഗ അനുവദിച്ചിരുന്നില്ല.
ആദ്യ സെറ്റിൽ രണ്ട് തവണ ഗൗഫിന്‍റെ സെർവ് ബ്രേക്ക് ചെയ്‌ത ഇഗ 6-1ന് ആദ്യ സെറ്റ് സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റിന്‍റെ തുടക്കത്തിൽ ഇഗയുടെ സെർവ് ബ്രേക്ക് ചെയ്‌ത് തിരിച്ചുവരവിന്‍റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ കനത്ത പ്രഹരങ്ങൾ നൽകി ഇഗ രണ്ടാം സെറ്റും കിരീടവും പിടിച്ചെടുക്കുകയായിരുന്നു.