കൊൽക്കത്ത :ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐ ലീഗും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്ന് ഗോകുലം എഫ് സിയുടെ ഇറ്റാലിയന്‍ പരിശീലകൻ വിന്‍സെന്‍സൊ ആല്‍ബെര്‍ട്ടോ അന്നീസ്. ഐ.എസ്.എല്ലിലെ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ എ.എഫ്.സി കപ്പ് ഫുട്‌ബോളില്‍ കീഴടക്കിയശേഷമാണ് ആല്‍ബെര്‍ട്ടോ അന്നീസ് ഇക്കാര്യം വ്യക്തമാക്കിയത്. എ എഫ് സി കപ്പില്‍ ജയം നേടുന്ന ആദ്യ കേരള ക്ലബ് എന്ന ചരിത്രം സ്വന്തമാക്കാനും 'മലബാറിയന്‍സ്' എന്നറിയപ്പെടുന്ന ഗോകുലം കേരള എഫ് സിക്ക് സാധിച്ചു.
'ഞങ്ങള്‍ക്ക് രണ്ട് ദിവസം മാത്രമാണ് മത്സരത്തിന് ( എ എഫ് സി കപ്പ്) തയാറെടുക്കാന്‍ ലഭിച്ചത്. കൃത്യമായ പദ്ധതികളോടെയാണ് ഇറങ്ങിയത്. സാങ്കേതികമായി ഞങ്ങള്‍ ബഗാനേക്കാള്‍ ഏറെ മുന്നിലായിരുന്നു. പ്രതിരോധത്തില്‍ അവരേക്കാള്‍ വേഗം ഞങ്ങള്‍ക്കുണ്ടായിരുന്നു. ലൂക്ക മജ്‌സീന്‍ പോലുള്ള, മത്സരത്തിന്‍റെ ഗതി മാറ്റിമറിക്കാന്‍ കഴിവുള്ള ക്വാളിറ്റി താരങ്ങള്‍ ടീമിലുണ്ട്. ഐ ലീഗ്, ഐ.എസ്.എല്‍ ക്ലബ്ബുകള്‍ തമ്മില്‍ വ്യത്യാസമില്ലെന്നത് ഫെഡറേഷന്‍ മനസിലാക്കേണ്ട വസ്‌തുതയാണ്. ഐ ലീഗില്‍ താരങ്ങളെ ദേശീയ ടീമിലെടുക്കാത്തത് നിരാശാജനകമാണ്.
'മോഹന്‍ ബഗാന്‍ പാരമ്പര്യം ഏറെയുള്ളവരുമാണെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ ഞങ്ങള്‍ രണ്ട് ക്ലബ്ബുകളും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഞങ്ങളുടെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ട്' - എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഡിയിലെ ഉദ്ഘാടന മത്സരത്തില്‍ 4 - 2 ന് എ ടി കെ മോഹന്‍ ബഗാനെ കീഴടക്കിയശേഷം ഗോകുലം പരിശീലകന്‍ പറഞ്ഞു.
'ഐ ലീഗ് തരംതാഴ്ത്തല്‍ ഭീഷണിയിലായിരുന്ന റിയല്‍ കശ്‌മീരാണ് എ.ടി.കെ മോഹന്‍ ബഗാനേക്കാള്‍ കളത്തില്‍ ഞങ്ങള്‍ക്ക് തലവേദന സൃഷ്‌ടിച്ചത്. ഇക്കാര്യം ഫെഡറേഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. സാമ്പത്തിക ഭദ്രതയാണ് ക്ലബ്ബുകളുടെ പ്രശ്‌നം. എന്നാല്‍, കളത്തില്‍ 11 താരങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്' - വിന്നീസ് വ്യക്തമാക്കി.
ഇന്ത്യയില്‍ കഴിഞ്ഞ 26 വര്‍ഷമായി അരങ്ങേറുന്ന ലീഗ് ആണ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ്. 2007 മുതല്‍ അതിന്‍റെ പേര് 'ഐ ലീഗ്' എന്നാക്കപ്പെട്ടുവെന്നതും വാസ്‌തവം. എന്നാല്‍, 2014 ല്‍ ആരംഭിച്ച ഐ എസ് എല്‍ അതിവേഗം വളരുകയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലീഗായി മാറുകയും ചെയ്‌തു. ഐഎസ്എല്ലിന്‍റെ പണക്കൊഴുപ്പ് ഇന്ത്യൻ ഫുട്ബോളിനെ പിടികൂടിയ ശേഷം ഐലീഗിന് രണ്ടാം സ്ഥാനമാണുള്ളത്.