കൊല്‍ക്കത്ത: ഐ-ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ഗോകുലം കേരള എഫ്‌സി. ഇന്ന് കല്ല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയെയാണ് ഗോകുലം കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗോകുലത്തിന്‍റെ ജയം.
ജോര്‍ഡാന്‍ ഫ്ലച്ചര്‍ , ശ്രീക്കുട്ടന്‍ വിഎസ് എന്നിവരാണ് ഗോകുലത്തിന്‍റെ ഗോള്‍ വേട്ടക്കാര്‍. മത്സരത്തിന്‍റെ ഇരു പകുതിയിലുമായാണ് ഗോകുലത്തിന്‍റെ ഗോളുകള്‍ പിറന്നത്. ഒരു തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ആദ്യ ഗോള്‍ നേട്ടം.
എമിലും ജിതിനും ചേര്‍ന്ന് തുടങ്ങിയ മുന്നേറ്റത്തിന് ഫ്ലച്ചര്‍ (16ാം മിനിട്ട്) വിരാമമിടുകയായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയാണ് ശ്രീകുട്ടന്‍റെ (83ാം മിനിട്ട്) ഗോള്‍ നേട്ടം.
വിജയത്തോടെ കിരീടത്തിന് ഒരുപടി കൂടി അടുക്കാന്‍ ഗോകുലത്തിനായി. 13 മത്സരങ്ങളില്‍ 33 പോയിന്‍റുമായി ലീഗില്‍ ഒന്നാമത് തുടരുകയാണ് ഗോകുലം. 12 മത്സരങ്ങളില്‍ 26 പോയിന്‍റുള്ള മുഹമ്മദന്‍സാണ് രണ്ടാം സ്ഥാനത്ത്. 13 മത്സരങ്ങളില്‍ 23 പോയിന്‍റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്താണ്.
ഐ ലീഗില്‍ പുതുചരിത്രം:വിജയത്തോടെ ഐലീഗില്‍ 18 മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്താന്‍ ഗോകുലത്തിനായി. ഇതോടെ ലീഗില്‍ തോല്‍വി അറിയാതെ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ ടീമെന്ന റെക്കോഡും ഗോകുലം സ്വന്തമാക്കി. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ചില്‍ ബ്രദേഴ്സ് തീര്‍ത്ത 17 മത്സരങ്ങളുടെ റെക്കോഡാണ് ഗോകുലം മറികടന്നത്.